കാൻ ചലച്ചിത്രമേളയിൽ തലയുയർത്തി ഇന്ത്യ
Sunday, May 26, 2024 12:50 AM IST
കാൻസ്: വിഖ്യാതമായ കാൻ ചലച്ചിത്രമേളയിൽ തിളങ്ങി ഇന്ത്യയും കേരളവും. ബൾഗേറിയൻ സംവിധായകൻ കോണ്സ്റ്റാന്റിൽ ബോജനോവിന്റെ ഹിന്ദി ചിത്രമായ ‘ദ ഷെയിംലെസി’ലൂടെ മികച്ച നടിക്കുള്ള 2024 ലെ പുരസ്കാരം കോൽക്കത്ത സ്വദേശിനിയായ നടി അനസൂയ സെൻഗുപ്ത സ്വന്തമാക്കിയപ്പോൾ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം മലയാളി നടിമാർ പ്രധാന വേഷത്തിലെത്തിയ മലയാളം-ഹിന്ദി സിനിമയ്ക്കും ലഭിച്ചു.
മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ഹിന്ദി-മലയാളം സിനിമയ്ക്കാണു രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്. ലോകപ്രശസ്ത സംവിധായകരുടെ 22 സിനിമകളോടു മത്സരിച്ചാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്കാരം ഈ സിനിമ നേടുന്നത്.
കാൻ ചലച്ചിത്രമേളയിൽ ആദ്യമായാണ് ഒരു ഇന്ത്യൻതാരം മികച്ച അഭിനേതാവിനുള്ള പുരസ്കാരം നേടുന്നത്. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷത്തിനും പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിനും അംഗീകാരം സമർപ്പിക്കുകയാണെന്ന് പുരസ്കാരം ഏറ്റുവാങ്ങി അനസൂയ സെൻഗുപ്ത പറഞ്ഞു.
ചലച്ചിത്രമേളയുടെ മുഖ്യവിഭാഗത്തിനു സമാന്തരമായി നടത്തുന്ന അണ് സെർട്ടണ് റിഗാർഡ് വിഭാഗത്തിലാണ് അനസൂയയുടെ നേട്ടം. സിനിമയിലെ പുതിയ സങ്കേതങ്ങളും രീതികളും പുതിയ രാജ്യങ്ങളും പരിചയപ്പെടുത്തുന്ന വിഭാഗമാണിത്. ബ്രിട്ടീഷ് ഇന്ത്യൻ സംവിധായകനായ സന്ധ്യ സുരിയുടെ ‘സന്തോഷ്’ എന്ന ചിത്രവും അണ് സെർട്ടണ് റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.