യുദ്ധഭൂമിയിലെ കുട്ടികൾക്കൊപ്പം മാർപാപ്പയുടെ ശിശുദിനാഘോഷം
Sunday, May 26, 2024 12:50 AM IST
റോം: കത്തോലിക്കാ സഭയുടെ ആദ്യ ശിശുദിനം യുദ്ധഭൂമിയിലെ കുട്ടികൾക്കൊപ്പം ചെലവഴിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്ൻ, പലസ്തീൻ, ബലാറൂസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മുപ്പതോളം കുട്ടികളാണ് ആഘോഷത്തിനെത്തിയത്.
അപ്പൂപ്പനെപ്പോലെ പുഞ്ചിരിച്ചും ആലിംഗനം ചെയ്തുമാണ് മാർപാപ്പ കുട്ടികളെ വരവേറ്റത്. റഷ്യൻ ആക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവരും അംഗഭംഗം നേരിട്ടവരുമായ യുക്രേനിയൻ കുട്ടികൾ ചിരിക്കാൻ വിഷമം നേരിടുന്നതായി മാർപാപ്പ ശ്രദ്ധിച്ചു.
ഒരു മാസം മുന്പ് കൃത്രിമക്കാലുമായി ബോസ്റ്റൺ മാരത്തണിൽ പങ്കെടുത്ത യുക്രേനിയൻ പെൺകുട്ടി യാനയും എത്തിയിരുന്നു. പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും പ്രതീകമാണ് യാനയെന്ന് ഫ്രാൻസിസ് മാർപപ്പ പറഞ്ഞു. കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചതനുസരിച്ചാണ് മേയ് 25, 26 തീയതികളിൽ കത്തോലിക്കാ സഭയുടെ ആദ്യലോക ശിശുദിനാഘോഷം നടത്തുന്നത്.