പാപ്പുവ ന്യൂഗിനിയയിൽ തെരച്ചിൽ തുടരുന്നു ;ഭൂമിക്കടിയിൽ 300 പേരെന്നു സംശയം
Sunday, May 26, 2024 12:50 AM IST
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയയിൽ കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിൽ നൂറുകണക്കിനു പേർ മരിച്ചിരിക്കാമെന്നു സംശയം.
പട്ടാളവും മെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്ന ദ്രുതകർമസേന ദുരന്തമേഖലയിലെത്തിയിട്ടുണ്ട്. പക്ഷേ ദുഷ്കരമായ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിനു തടസം സ ൃഷ്ടിക്കുകയാണ്. റോഡുകളെല്ലാം തകർന്നതിനാൽ ഹെലികോപ്റ്ററിലാണ് രക്ഷാപ്രവർത്തകർ എത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് വടക്കൻ പ്രവിശ്യയായ എൻഗയിലെ മലയോര മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നൂറുകണക്കിനു ഭവനങ്ങൾ മണ്ണിനടിയിലായെന്നു കരുതുന്നു.
മുന്നൂറു പേർ ഭൂമിക്കടിയിൽ കുടുങ്ങിയെന്നു സംശയിക്കുന്നതായി പ്രവിശ്യയിലെ എംപി അമോസ് എക്കൻ പറഞ്ഞു. ദുരന്തമേഖലയിൽ ഏതാണ്ട് നാലായിരത്തോളം പേർ താമസിച്ചിരുന്നു. ഇനിയും മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീതി രക്ഷാപ്രവർത്തകർക്കുണ്ട്.