ഇസ്രേലി വനിതകളെ ബന്ദികളാക്കുന്ന വീഡിയോ പുറത്തുവിട്ടു
Friday, May 24, 2024 3:43 AM IST
ടെൽ അവീവ്: ഹമാസ് ഭീകരരുടെ കസ്റ്റഡിയിലുള്ള ഇസ്രേലി വനിതാ സൈനികരുടെ വീഡിയോ ദൃശ്യങ്ങൾ ഇവരുടെ ബന്ധുക്കൾ പുറത്തുവിട്ടു. ഏഴു വനിതാ സൈനികരെ ഭിത്തിയോടു ചേർത്തുനിർത്തി കൈകൾ ബന്ധിക്കുന്നത് വീഡിയോയിൽ കാണാം.
ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിലെ നഹാൽ ഓസ് സൈനികതാവളത്തിൽ ആക്രമണം നടത്തിയ ഭീകരർ ഇവരെ പിടികൂടുകയായിരുന്നു. വനിതകളുടെ ശരീരത്തിൽ പരിക്കുകൾ കാണാം. ചിലരുടെ മുഖത്ത് രക്തമുണ്ട്. ഇവരെ ഒരു ജീപ്പിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഒരു സൈനിക കാലിനു പരിക്കേറ്റതുമൂലം നടക്കാൻ ബുദ്ധിമുട്ടു നേരിടുന്നു.
“നിങ്ങൾ വെറും നായകളാണ്... നിങ്ങളുടെ മേൽ ചവിട്ടും...” എന്നൊക്കെ ഭീകരർ അറബിയിൽ പറയുന്നുണ്ട്. നിങ്ങൾ സുന്ദരികളാണെന്നും ഗർഭിണികളാകുന്ന പെണ്ണുങ്ങൾ മാത്രമാണ് എന്നും ചില ഭീകരർ പറയുന്നുണ്ട്.
ഭീകരരുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന കാമറ പകർത്തിയ ദൃശ്യങ്ങളാണിത്. പലസ്തീൻ തീവ്രവാദ സംഘടനകൾ നേരത്തേ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ബന്ദികളുടെ ബന്ധുക്കൾ ഈ ദൃശ്യങ്ങൾ ഇസ്രേലി പ്രതിരോധ വകുപ്പിൽനിന്നു സ്വന്തമാക്കി മാധ്യമങ്ങളിലൂടെ വീണ്ടും പുറത്തുവിടുകയായിരുന്നു. ബന്ദികളുടെ മോചനത്തിന് പ്രധാനമന്ത്രി നെതന്യാഹുവിനുമേൽ സമ്മർദം ചെലുത്താനാണിതെന്ന് ബന്ദികളുടെ കുടുംബക്കൂട്ടായ്മ അറിയിച്ചു.
തട്ടിക്കൊണ്ടുപോയ ഏഴു വനിതാ സൈനികരും അതിർത്തിയിൽ നിരീക്ഷണ ഉദ്യോഗസ്ഥരായിരുന്നു. ഭീകരാക്രമണം നടന്ന് 23 ദിവസങ്ങൾക്കുശേഷം ഇസ്രേലി സേന ഗാസയിൽ നടത്തിയ ഓപ്പറേഷനിൽ ഒരി മെഗിദിഷ് എന്ന സൈനികയെ രക്ഷപ്പെടുത്തി. നൊവാ മാഴ്സിയാനോ എന്ന സൈനിക ഗാസയിൽ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹം വീണ്ടെടുക്കാനായി. ശേഷിക്കുന്ന അഞ്ചു പേർ ഗാസയിലെ ഭീകരരുടെ കസ്റ്റഡിയിൽ തുടരുന്നു.