ഓസ്ട്രിയയിൽ ഐഎസ് അനുഭാവി അറസ്റ്റിൽ
Friday, May 24, 2024 3:43 AM IST
വിയന്ന: ഓസ്ട്രിയയിലെ ഗ്രാസ് പട്ടണത്തിൽ ഭീകരാക്രമണം നടത്താൻ തയാറെടുത്തുകൊണ്ടിരുന്ന പതിനാലുകാരിയെ ഓസ്ട്രിയ പോലീസ് അറസ്റ്റ് ചെയ്തു.
മോണ്ടെനെഗ്രോയിൽനിന്നു കുടിയേറിയ കുടുംബത്തിൽപ്പെട്ടവളാണ് പെൺകുട്ടി. ‘അവിശ്വാസി’കളെ കൊല്ലുന്നതിനുവേണ്ടി കോടാലിയും വെട്ടുകത്തിയുമുൾപ്പെടെ ആയുധങ്ങളും അതിനുവേണ്ട കുപ്പായവും പെൺകുട്ടി സംഘടിപ്പിച്ചിരുന്നു.
സ്റ്റയർമാർക്ക് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗ്രാസിലെ യാക്കോമിനി ചത്വരത്തിൽ കൃത്യം നടത്താനാണ് പെൺകുട്ടി നിശ്ചയിച്ചിരുന്നത്. പെൺകുട്ടിയുടെ താമസസ്ഥലത്തുനിന്ന് ആയുധങ്ങൾ കൂടാതെ ഐഎസിന്റെ നിരവധി പ്രചാരണലഘുലേഖകളും വീഡിയോകളും കണ്ടെത്തിയതായി ഓസ്ട്രിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ വിശദമാക്കി പെൺകുട്ടി സമാനചിന്താഗതിക്കാർക്ക് അയച്ച ഇ-മെയിലുകൾ പോലീസ് പരിശോധിച്ചുവരികയാണ്.