ഫ്രാൻസിൽ സിനഗോഗിനു തീയിട്ട അക്രമിയെ വെടിവച്ചുകൊന്നു
Saturday, May 18, 2024 12:39 AM IST
പാരീസ്: വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ റൂവൻ നഗരത്തിൽ യഹൂദരുടെ ആരാധനാകേന്ദ്രമായ സിനഗോഗിനു തീയിട്ട അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. സ്ഥലത്തെത്തിയ പോലീസിനു നേർക്ക് കത്തിവീശിയ പശ്ചാത്തലത്തിലാണു വെടിയുതിർത്തത്.
അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ഫ്രാൻസിൽനിന്നു പുറത്താക്കൽ നടപടി നേരിട്ട 29 വയസുള്ള അൾജീരിയ സ്വദേശിയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ സൂചന നല്കി.
ഇന്നലെ രാവിലെ 6.45നാണു സംഭവം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന സിനഗോഗിന്റെ ജനാലയിൽക്കൂടി ഉള്ളിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. സിനഗോഗിൽനിന്നു പുക ഉയരുന്നതു കണ്ടവരാണു പോലീസിനെ അറിയിച്ചത്.
പോലീസെത്തുന്പോൾ അക്രമി സിനഗോഗിന്റെ മേൽക്കൂരയിലായിരുന്നു. കൈയിലുണ്ടായിരുന്ന ആയുധം ഇയാൾ പോലീസിനു നേർക്കെറിഞ്ഞു. തുടർന്ന് താഴോട്ടു ചാടി കത്തിവീശി. പോലീസ് അഞ്ചു തവണ അക്രമിക്കു നേർക്കു വെടിവച്ചു. നാലെണ്ണം ഇയാളുടെ ശരീരത്തിൽ തറച്ചു.
പിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. സിനഗോഗിനുള്ളിൽ കാര്യമായ നാശമുണ്ടായിട്ടുണ്ട്.
അക്രമിക്കു നേർക്ക് വെടിയുതിർത്ത പോലീസുകാരനെയും കസ്റ്റഡിയിലെടുത്തു. എന്നാൽ അനുവദനീയമായ സാഹചര്യങ്ങളിലാണ് ഇദ്ദേഹം തോക്ക് ഉപയോഗിച്ചതെന്നു വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായതായി പ്രോസിക്യൂഷൻ അറിയിച്ചു. സധൈര്യം ഉത്തരവാദിത്വം നിർവഹിച്ച പോലീസിനെ ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമാനിൻ അഭിനന്ദിച്ചു.