ജയിൽ ഉദ്യോഗസ്ഥരെ വധിച്ച് പ്രതിയെ രക്ഷപ്പെടുത്തി
Wednesday, May 15, 2024 1:38 AM IST
പാരീസ്: ഫ്രാൻസിൽ ജയിൽ വകുപ്പിന്റെ വാഹനങ്ങൾ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി. നോർമാണ്ടിയിലെ റൂവനിൽ ഇന്നലെയുണ്ടായ സംഭവത്തിൽ രണ്ടു ജയിൽ ഓഫീസർമാർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
രക്ഷപ്പെട്ടയാളെയും അക്രമിയെയും പിടികൂടാനായി വൻ തെരച്ചിൽ ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്കു മടക്കിക്കൊണ്ടുവന്ന ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം ആക്രമിക്കപ്പെടുകയായിരുന്നു. രണ്ടു വാഹനങ്ങളിലെത്തിയ തോക്കുധാരികൾ പ്രതിയെ മോചിപ്പിച്ചു കടന്നുകളഞ്ഞു. ഇവർ രക്ഷപ്പെട്ട കാർ പിന്നീട് അഗ്നിക്കിരയായ നിലയിൽ കണ്ടെത്തി.