യുക്രെയ്ൻ തോൽക്കാമെന്ന് ബ്രിട്ടീഷ് ജനറൽ
Sunday, April 14, 2024 2:10 AM IST
ലണ്ടൻ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ൻ ഈ വർഷം പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ മുൻ ജോയിന്റ് ഫോഴ്സസ് കമാൻഡർ ജനറൽ റിച്ചാർഡ് ബാരൺസ്.
റഷ്യയോടു ജയിക്കാനാവില്ലെന്ന തോന്നൽ യുക്രെയ്നുണ്ടാകാമെന്നും അത്തരമൊരു സാഹചര്യത്തിൽ യുദ്ധത്തിനിറങ്ങാൻ ആളുകൾ മടിക്കുമെന്നും അദ്ദേഹം ബിബിസിയോടു പറഞ്ഞു.
ഈ വർഷം തന്നെ റഷ്യൻ സേന യുക്രെയ്നെതിരേ വലിയൊരു ആക്രമണം നടത്താൻ സാധ്യതയുണ്ട്. യുക്രെയ്ൻ സേന ആൾക്ഷാമത്തിനു പുറമേ ആയുധക്ഷാമവും നേരിടുകയാണ്.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ അഭാവവുമുണ്ട്. ആളിനും ആയുധത്തിനും ക്ഷാമമില്ലാത്ത റഷ്യ യുദ്ധമുന്നണിൽ വലിയ നാശമാണ് വിതയ്ക്കുന്നത്. പാശ്ചാത്യർ നല്കിയ മികച്ച ആയുധങ്ങൾ യുക്രെയ്നുണ്ടെങ്കിലും സൈനികരുടെ ബാഹുല്യം റഷ്യക്കുണ്ട്.
റഷ്യ ഈ വർഷം ആക്രമണം നടത്തിയാൽ യുക്രെയ്ന്റെ മുന്നണി തകരാനാണു സാധ്യത. യുക്രെയ്ന്റെ കൂടുതൽ ഭൂമി റഷ്യ പിടിച്ചെടുക്കും. ഖാർകീവും സാപ്പോറിഷ്യയുമടക്കമുള്ള നഗരങ്ങൾ റഷ്യ നോക്കിവച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.