ആഘോഷമായി സൂര്യഗ്രഹണം
Wednesday, April 10, 2024 12:29 AM IST
ഹൂസ്റ്റൺ: അപൂർവ സൂര്യഗ്രഹണം ആഘോഷമാക്കി വടക്കേ അമേരിക്കൻ ഭൂഖണ്ഡ നിവാസികൾ. മെക്സിക്കോ, അമേരിക്ക, കാനഡ മുതലായ രാജ്യങ്ങളിലായി ദശലക്ഷങ്ങളാണ് പൂർണ സൂര്യഗ്രഹണം വീക്ഷിച്ചത്. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുന്നതുമൂലം സൂര്യൻ മറയുന്ന അവസ്ഥയാണ് സൂര്യഗ്രഹണം.
മെക്സിക്കോയുടെ പടിഞ്ഞാറൻ തീരത്തെ മസാറ്റ്ലാൻ പട്ടണത്തിലാണ് ആദ്യം ദൃശ്യമായത്. അവസാനം ദൃശ്യമായതു കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിലു.
സന്പൂർണ ഗ്രഹണത്തിൽ ഭൂമിയിൽ നാലു മിനിറ്റിലധികം ഇരുട്ടനുഭവപ്പെട്ടു. നയാഗ്ര വെള്ളച്ചാട്ട മേഖലയിലടക്കം ജനങ്ങൾ ഗ്രഹണം കാണാൻ തടിച്ചുകൂടിയിരുന്നു. നാസയുടെ തത്സമയ സംപ്രേഷണവും ദശലക്ഷങ്ങൾ വീക്ഷിച്ചു.
ബ്രിട്ടൻ, ഐസ്ലാൻഡ്, അയർലൻഡ്, കൊളംബിയ, വെനസ്വേല, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമായിരുന്നു.