ഇക്വഡോർ പോലീസ് മതിലുചാടി മെക്സിക്കൻ എംബസിയിൽ കയറി
Sunday, April 7, 2024 1:28 AM IST
മെക്സിക്കോ സിറ്റി: ഇക്വഡോർ പോലീസ് മെക്സിക്കൻ എംബസിയിൽ അതിക്രമിച്ചുകയറി മുൻ ഇക്വഡോർ വൈസ് പ്രസിഡന്റ് ഹോർഹെ ഗ്ലാസിനെ അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് ഇക്വഡോറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി മെക്സിക്കോ അറിയിച്ചു.
അഴിമതിക്കേസിൽ അറസ്റ്റ് വാറന്റ് നേരിട്ട പശ്ചാത്തലത്തിലാണ് ഹോർഹെ ഗ്ലാസ് തലസ്ഥാനമായ ക്വിറ്റോയിലെ മെക്സിക്കൻ എംബസിയിൽ അഭയം തേടിയത്. മെക്സിക്കൻ സർക്കാർ വെള്ളിയാഴ്ച അദ്ദേഹത്തിന് രാഷ്ട്രീയാഭയം അനുവദിച്ചു.
ഇതിനു പിന്നാലെ രാത്രി ഇക്വഡോർ പോലീസ് പൂട്ടിയിട്ടിരുന്ന എംബസിയുടെ മതിൽ ചാടിക്കടന്ന് ബലപ്രയോഗത്തിലൂടെ ഗ്ലാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ ഏതാനും നയതന്ത്ര ഉദ്യോഗസ്ഥർക്കു പരിക്കേറ്റതായി മെക്സിക്കോ അറിയിച്ചു.
എംബസിയിൽ അതിക്രമിച്ചുകയറിയത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നു പറഞ്ഞ മെക്സിക്കൻ പ്രസിഡന്റ് ലോപസ് ഒബ്രഡോർ, ഉടനടി നയതന്ത്രബന്ധം വിച്ഛേദിക്കാൻ ഉത്തരവിട്ടതായും അറിയിച്ചു. ക്രിമിനലുകളെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കില്ലെന്ന് ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
2013 മുതൽ 2017 വരെ വൈസ് പ്രസിഡന്റായിരുന്ന ഹോർഹെ ഗ്ലാസിനെ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ പുറത്താക്കിയിരുന്നു. 2017ൽതന്നെ അദ്ദേഹത്തിന് ആറു വർഷം തടവുശിക്ഷ ലഭിച്ചു. കഴിഞ്ഞ വർഷം ജയിൽമോചിതനായ ഹൊർഹെ ഗ്ലാസിനെതിരേ അഴിമതിയുടെ പേരിൽ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോഴാണ് മെക്സിക്കൻ എംബസിയിൽ അഭയം തേടിയത്.