ഗാസയിൽ അമേരിക്കൻ സേന ഭക്ഷണവിതരണം തുടങ്ങി
Sunday, March 3, 2024 1:47 AM IST
വാഷിംഗ്ടൺ ഡിസി: ക്ഷാമത്തിലേക്കു നീങ്ങുന്ന ഗാസയിൽ അമേരിക്കൻ സേന ഭക്ഷണവിതരണം തുടങ്ങി. ഇന്നലെ യുഎസ് വ്യോമസേനയുടെ മൂന്ന് ചരക്കുവിമാനങ്ങളിൽനിന്ന് 38,000 ഭക്ഷണപ്പൊതികൾ താഴേക്ക് ഇട്ടുകൊടുത്തതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഗാസയിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അമേരിക്കൻ സേന വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ അറിയിച്ചിരുന്നു. ഗാസ സിറ്റിയിൽ ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീനികൾ ഇസ്രേലി സേനയുടെ വെടിയേറ്റു മരിച്ചുവെന്നാരോപിക്കപ്പെടുന്ന ദാരുണ സംഭവത്തിനു പിറ്റേന്നാണ് ബൈഡൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഗാസയ്ക്കു ലഭിക്കുന്ന സഹായം ഒട്ടും പര്യാപ്തമല്ലെന്ന് ബൈഡൻ പറഞ്ഞു. സമുദ്ര ഇടനാഴി സ്ഥാപിച്ച് വിപുലമായ രീതിയിൽ സഹായം എത്തിക്കാനുള്ള സാധ്യത പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സഹായവിതരണം ദീർഘകാലത്തേക്കായിരിക്കുമെന്നും ഉടൻ കഴിക്കാവുന്ന ഭക്ഷണപ്പൊതികളായിരിക്കും തുടക്കത്തിൽ നല്‍കുകയെന്നും വൈറ്റ്ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.
നിലവിൽ ജോർദാനും ഫ്രാൻസും ഇങ്ങനെ ഗാസയിൽ സഹായം വിതണം ചെയ്യുന്നുണ്ട്.
ഗാസയിൽ ഏതാണ്ട് അഞ്ചേമുക്കാൽ ലക്ഷം പേർ പട്ടിണിയുടെ വക്കിലാണെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പു നല്കുന്നു. കാലിത്തീറ്റയും കള്ളിച്ചെടിയും മറ്റും ഭക്ഷിച്ചാണ് ആളുകൾ ജീവൻ നിലനിർത്തുന്നത്. ആശുപത്രിയിൽ ശിശുക്കൾ പോഷകാഹാരം ലഭിക്കാതെ മരിച്ചുതുടങ്ങി.