യുക്രെയ്ൻ സൈനിക സഹായ പാക്കേജ് പാസാകും: ഉറപ്പു പറഞ്ഞ് ബൈഡൻ
Monday, February 19, 2024 12:35 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് അമേരിക്കൻ സൈനിക സഹായം ലഭിച്ചിരിക്കുമെന്നു പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ സൈനിക പാക്കേജ് യുഎസ് കോൺഗ്രസ് പാസാക്കുമെന്നതിൽ തനിക്ക് ഉറപ്പുണ്ടെന്നു ബൈഡൻ പറഞ്ഞു. ശനിയാഴ്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഫോണിൽ ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യൻ സേന മാസങ്ങൾ നീണ്ട രൂക്ഷയുദ്ധത്തിനൊടുവിൽ കിഴക്കൻ യുക്രെയ്നിലെ അവ്ഡീവ്ക പട്ടണം കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ആയുധദൗർലഭ്യം മൂലം യുക്രെയ്ൻസേന പട്ടണത്തിൽനിന്നു പിൻവാങ്ങുകയായിരുന്നു. പാശ്ചാത്യശക്തികൾ വാഗ്ദാനം ചെയ്തിരിക്കുന്ന ആയുധങ്ങൾ വേഗം ലഭ്യമാക്കണമെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെടുകയുണ്ടായി.
യുക്രെയ്ന് 6,000 കോടി ഡോളർ വകയിരുത്തിയിരിക്കുന്ന പാക്കേജ് യുഎസ് സെനറ്റ് പാസാക്കിയിട്ടുണ്ട്. പ്രതിപക്ഷ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭകൂടി പാക്കേജ് അംഗീകരിക്കേണ്ടതുണ്ട്.