നവൽനിയുടെ മരണം : പ്രതിഷേധം, അറസ്റ്റ്, അന്വേഷണാവശ്യം
Sunday, February 18, 2024 1:04 AM IST
മോസ്കോ: പ്രസിഡന്റ് പുടിന്റെ വിമർശകനായിരുന്ന അലക്സി നവൽനിയുടെ മരണം അദ്ദേഹത്തിന്റെ അനുയായികൾ സ്ഥിരീകരിച്ചു. നവൽനിയുടെ അമ്മ ലുഡ്മിളയ്ക്കു ലഭിച്ച രേഖപ്രകാരം സൈബീരിയയിലെ ജയിലിൽ പ്രാദേശികസമയം വെള്ളിയാഴ്ച വൈകിട്ട് 2.17നാണ് മരണം സംഭവിച്ചത്. മരണകാരണം വിശദീകരിച്ചിട്ടില്ല.
പ്രസിഡന്റ് പുടിനാണ് നവൽനിയെ വധിക്കാൻ ഉത്തരവിട്ടതെന്നു കരുതുന്നതായി നവൽനിയുടെ വനിതാ വക്താവ് കിരാ യാർമിഷ് ആരോപിച്ചു. മൃതദേഹം കുടുംബത്തിനു വിട്ടുകൊടുക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നും വക്താവ് ആരോപിച്ചു. നവൽനിയുടെ അമ്മയും അഭിഭാഷകനും സെബീരിയയിലെ മോർച്ചറിയിലെത്തിയെങ്കിലും അവിടെ മൃതദേഹം ഉണ്ടായിരുന്നില്ല. മൃതദേഹം ഉടൻ ബന്ധുക്കൾക്കു കൈമാറണമെന്ന് വക്താവ് ആവശ്യപ്പെട്ടു.
അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ പ്രതിപക്ഷനേതാവായി മാറിയ നവൽനിയുടെ മരണത്തിൽ റഷ്യൻ ഭരണകൂടം സംശയത്തിന്റെ നിഴലിലാണെന്ന് പാശ്ചാത്യശക്തികൾ ആരോപിച്ചു. നാല്പത്തേഴുകാരനായ നവൽനി രാഷ്ട്രീയപ്രേരിത കേസുകളിൽ തടവുശിക്ഷ അനുഭവിക്കവേയാണ് പൊടുന്നനേ മരിച്ചത്. ജയിലിലെ നടത്തത്തിനുശേഷം കുഴഞ്ഞുവീണ അദ്ദേഹം സ്ഥലത്തുതന്നെ മരിച്ചുവെന്നാണ് റഷ്യൻ ജയിൽ അധികൃതർ നല്കുന്ന വിശദീകരണം. തടവുകാലത്ത് നവൽനി കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു.
മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ ലോകമെന്പാടും അനുശോചിച്ചും റഷ്യൻ സർക്കാരിനെതിരിേ പ്രതിഷേധമുയർത്തിയും പ്രകടനങ്ങളുണ്ടായി. ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ജനീവ, ബെർലിൻ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ റഷ്യൻ നയതന്ത്ര കാര്യാലയങ്ങൾക്കു മുന്നിൽ പ്രതിഷേധമുണ്ടായി.
നവൽനി അനുകൂലികൾ വെള്ളിയാഴ്ച വൈകിട്ട് റഷ്യയിലെ പല സ്ഥലങ്ങളിലും പ്രതിഷേധിക്കാൻ ധൈര്യപ്പെട്ടു. നൂറു പേർ അറസ്റ്റിലായിട്ടുണ്ട്. മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബെർഗിലും നവൽനിയുടെ ചിത്രങ്ങൾക്കു മുന്നിൽ ആദരവർപ്പിക്കുകയുണ്ടായി. ഇതിനു പിന്നാലെ പ്രകടനങ്ങൾക്കു മുതിരരുതെന്ന് മോസ്കോ നഗരാധികൃതർ ജനത്തിനു മുന്നറിയിപ്പു നല്കി.
റഷ്യൻ മാധ്യമങ്ങൾ നവൽനിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്യുന്നതിലും കാര്യമായ ഉത്സാഹം കാണിച്ചില്ല. അതേസമയം, സോഷ്യൽ മീഡിയയിൽ വിഷയം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.