നാസർ ആശുപത്രി റെയ്ഡ്: ഇരുപതിലധികം ഭീകരരെ പിടികൂടിയെന്ന് ഇസ്രയേൽ
Saturday, February 17, 2024 1:01 AM IST
ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുള്ള നാസർ ആശുപത്രിയിൽ തുടരുന്ന റെയ്ഡിൽ ഇരുപതിലധികം ഭീകരരെ കസ്റ്റഡിയിലെടുത്തുവെന്നും ഇവർക്ക് ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നും ഇസ്രേലി സേന അറിയിച്ചു. ഇതിനിടെ റെയ്ഡ് മൂലം ആശുപത്രിയിൽ ഒാക്സിജൻ ഇല്ലാതായി നാലു രോഗികൾ മരിച്ചതായി ഹമാസിന്റെ ആരോഗ്യവിഭാഗം പറഞ്ഞു.
ആശുപത്രി ഭീകരപ്രവർത്തനത്തിനു താവളമാക്കിയതിന്റെ തെളിവുകൾ ലഭിച്ചതായി സേന അവകാശപ്പെട്ടു. ഹമാസ് ഭീകരർ ആശുപത്രിയിൽനിന്ന് ഷെല്ലുകൾ തൊടുത്തിരുന്നു. റെയ്ഡിനിടെ മോർട്ടാർ ഷെല്ലുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായും കൂട്ടിച്ചേർത്തു.
ബന്ദികളോ അവരുടെ മൃതദേഹങ്ങളോ ഉണ്ടാകാം എന്നുപറഞ്ഞാണ് ഇസ്രേലി സേന വ്യാഴാഴ്ച ആശുപത്രിയിൽ റെയ്ഡ് തുടങ്ങിയത്. ഇതു സാധൂകരിക്കുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
ഇതിനിടെ ജനറേറ്ററുകൾ നിലച്ചതോടെ ആശുപത്രിയിൽ വൈദ്യുതി ഇല്ലാതായെന്ന് ഹമാസ് ആരോഗ്യവിഭാഗം പറഞ്ഞു. ഒക്സിജൻ നിലച്ച് നാലു രോഗികൾ മരിച്ചു. ഐസിയുവിലുള്ള മറ്റ് ആറു രോഗികളുടെയും മൂന്നു കുട്ടികളുടെയും നില ആശങ്കാജനകമാണ്.
ഗാസയിലെ മൊത്തം മരണസംഖ്യ 28,775 ആയെന്നും ഹമാസ് വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 68,552 ആണ്. ഇന്നലെ അവസാനിച്ച 24 മണിക്കൂറിനിടെ 112 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഇസ്രേലി ആക്രമണം; ലബനനിൽ 10 മരണം
ഇസ്രേലി സേനയുടെ ആക്രമണത്തിൽ പത്തു സിവിലിയന്മാർ കൊല്ലപ്പെട്ടതായി ലബനീസ് വൃത്തങ്ങൾ അറിയിച്ചു. ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഹിസ്ബുള്ള കമാൻഡർ അലി ദിബ്സ് അടക്കമുള്ള ഭീകരർ കൊല്ലപ്പെട്ടു.
ഗാസ യുദ്ധം തുടങ്ങിയശേഷം ലബനനിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. ഇസ്രയേലിനു ശക്തമായ തിരിച്ചടി നല്കുമെന്ന് ഹിസ്ബുള്ള ഭീഷണി മുഴക്കി.