ഇന്ത്യ- ഖത്തർ ബന്ധത്തിന് കരുത്തേറുന്നു: മോദി
Friday, February 16, 2024 2:41 AM IST
ദോഹ: ഇന്ത്യ ഖത്തർ ബന്ധം കൂടുതൽ കരുത്തുള്ളതാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിമേഖലകളിലെ സഹകരണത്തിലേക്കാണ് ഇരുരാജ്യങ്ങളും ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഖത്തർ അമീറുമായുള്ള ചർച്ച മികച്ചതായിരുന്നു. വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിച്ച് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതിൽ ഊന്നിയായിരുന്നു ചർച്ചകളെന്ന് മോദി എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രി ദോഹയിലെത്തിയ മോദി, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ചനടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ചു സംസാരിക്കുകയും മേഖലയിൽ സമാധാനം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.