വെടിനിർത്തൽ തകരാൻ കാരണം വനിതാ ബന്ദികളെ മോചിപ്പിക്കാതിരുന്നത്: യുഎസ്
Wednesday, December 6, 2023 1:17 AM IST
വാഷിംഗ്ടൺ ഡിസി: വനിതാ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ഭീകരർ തയാറാകാതിരുന്നതാണ് ഒരാഴ്ച നീണ്ട വെടിനിർത്തൽ തകരാൻ കാരണമെന്ന് അമേരിക്ക. ഭീകരർ സ്ത്രീകൾക്കു നേർക്കു നടത്തിയ ലൈംഗികാതിക്രമങ്ങൾ പുറത്തുവരാതിരിക്കാനാണു ഹമാസ് ശ്രമിക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
മോചിപ്പിക്കപ്പെടുന്ന വനിതകൾ കസ്റ്റഡിക്കാലത്തു ഹമാസിൽനിന്നു നേരിട്ട പീഡനങ്ങൾ ലോകത്തോടു വിളിച്ചുപറയാം. ബന്ദികളെ മാനഭംഗപ്പെടുത്തിയെന്ന റിപ്പോർട്ടുകളെ സംശയിക്കാനുള്ള കാരണങ്ങളൊന്നും യുഎസ് സർക്കാർ കാണുന്നില്ലെന്നു മില്ലർ കൂട്ടിച്ചേർത്തു. അതേസമയം, തന്റെ വാദം സാധൂകരിക്കുന്ന തെളിവുകൾ മില്ലർ നല്‍കിയില്ലെന്നു ബിബിസി റിപ്പോർട്ട് ചെയ്തു.
ഇസ്രേലി വനിതകളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതിൽ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിനു മുന്നിൽ തിങ്കളാഴ്ച പ്രതിഷേധം അരങ്ങേറിയിരുന്നു. ഹമാസ് ഭീകരർ ലൈംഗികപീഡനത്തെയും യുദ്ധത്തിനുള്ള ആയുധമാക്കി മാറ്റുകയായിരുന്നുവെന്ന് ഇസ്രേലി ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി.