നെതന്യാഹുവിന്റെ അഴിമതിക്കേസുകളിൽ വിചാരണ പുനരാരംഭിച്ചു
Tuesday, December 5, 2023 1:00 AM IST
ജറൂസലെം: ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന് എതിരായ അഴിമതിക്കേസുകളിലെ വിചാരണ ഇന്നലെ ജറൂസലെമിലെ കോടതിയിൽ പുനരാരംഭിച്ചു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണത്തെത്തുടർന്ന് വിചാരണ നിർത്തിവച്ചിരുന്നതാണ്.
ഇസ്രയേലിൽ ഏറ്റവുംകൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായ നെതന്യാഹുവിനെതിരേ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന കേസുകളാണ് നിലവിലുള്ളത്. കൈക്കൂലിക്ക് പത്തും തട്ടിപ്പിന് മൂന്നും വർഷം വരെ തടവും പിഴയും ലഭിക്കാം. അദ്ദേഹത്തിന്റെ ഭാര്യ സാറായും കേസ് നേരിടുന്നുണ്ട്.
ജുഡീഷറിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തി കേസിൽനിന്നു രക്ഷപ്പെടാൻ നെതന്യാഹു ശ്രമിക്കുന്നതായി ആരോപണമുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. എതിരാളികളും മാധ്യമങ്ങളും രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും ആരോപിക്കുന്നു.
കോവിഡിനെത്തുടർന്ന് 2020 മുതൽ വിചാരണ നീളുന്നതാണ്. ഹമാസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിയമമന്ത്രി പ്രത്യേക ഉത്തരവിലൂടെ വിചാരണ നിർത്തിവച്ചു.