ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണം: ഇസ്രയേലിനോട് ബ്ലിങ്കൻ
Saturday, December 2, 2023 1:09 AM IST
ടെൽ അവീവ്: ഗാസയിലെ പലസ്തീൻ ജനതയുടെ സംരക്ഷണം ഉറപ്പാക്കി വേണം ഹമാസിനെതിരായ പോരാട്ടം ഇസ്രയേൽ നടത്തേണ്ടതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവുമായും യുദ്ധകാര്യ മന്ത്രിസഭയുമായും കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ, ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നു കർശന സ്വരത്തിൽ സംസാരിച്ചുവെന്നാണു റിപ്പോർട്ട്.
വടക്കൻ ഗാസ നേരിട്ട അഭയാർഥിപ്രവാഹം തെക്കൻ ഗാസയിലുണ്ടാകരുത്. ആശുപത്രി, സ്കൂൾ, വൈദ്യുതവിതരണ സംവിധാനങ്ങൾ, ജലശുദ്ധീകരണ ശാലകൾ മുതലായവ ആക്രമിക്കരുത്. ഗാസയിൽ സഹായം ഉറപ്പാക്കണം. സർജിക്കൽ സമീപനത്തോടെ ആക്രമണം നടത്താനുള്ള ശേഷി ഇസ്രേലി സേനയ്ക്കുണ്ടെന്നും ബ്ലിങ്കൻ ചൂണ്ടിക്കാട്ടി.
ഗാസയിൽ വൻതോതിൽ ജനങ്ങൾ കൊല്ലപ്പെടുന്നതിൽ യുഎസിലെ ബൈഡൻ ഭരണകൂടം നേരിടുന്ന സമ്മർദമാണ് ബ്ലിങ്കന്റെ കർശന നിലപാടിനു പിന്നിൽ. അറബ് രാജ്യങ്ങൾക്കു പുറമേ, അമേരിക്കയ്ക്കുള്ളിലും ബൈഡൻ സമ്മർദം നേരിടുന്നുണ്ട്.