പുതിയ കർദിനാൾമാർക്കു സ്ഥാനചിഹ്നങ്ങൾ നൽകി
Sunday, October 1, 2023 1:34 AM IST
വത്തിക്കാൻ സിറ്റി: കർദിനാൾ സംഘത്തിലേക്ക് പുതുതായി നിയമിതരായ 21 പേർക്ക് ഫ്രാൻസിസ് മാർപാപ്പ സ്ഥാനചിഹ്നങ്ങൾ നല്കി. വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന തിരുക്കർമ്മത്തിൽ പതിനായിരക്കണക്കിനു വിശ്വാസികൾ സാക്ഷികളായി.
പുതിയ കർദിനാൾമാർ സഭയുടെ ഏകത്വത്തിന്റെയും സാർവത്രികതയുടെയും അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ സുവിശേഷപ്രസംഗത്തിൽ പറഞ്ഞു.
ഇതോടെ കർദിനാൾ സംഘത്തിന്റെ അംഗസംഖ്യ 242 ആയി. ഇതിൽ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ യോഗ്യതയുള്ള എൺപതിനു താഴെ പ്രായമുള്ളവരുടെ എണ്ണം 137 ആണ്.
ഇന്നലെ സ്ഥാനാരോഹണം ചെയ്തവരിൽ 18 പേർ എൺപതിനു താഴെയുള്ളവരാണ്. ഇന്നലെ കർദിനാൾമാരായി ഉയർത്തിയവരിൽ രണ്ടുപേർ വൈദികരാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.
15 രാജ്യങ്ങളിൽനിന്നുള്ളവരാണ് പുതിയ കർദിനാൾമാർ. കത്തോലിക്കാ സാന്നിധ്യം പരിമിതമായ രാജ്യങ്ങളിലുള്ളവരും ഇതിൾ ഉൾപ്പെടുന്നു. ദക്ഷിണ സുഡാൻ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ രാജ്യങ്ങളിലെ പുതിയ അംഗങ്ങളോടെ കർദിനാൾ സംഘത്തിലെ ആഫ്രിക്കൻ പ്രാതിനിധ്യം 14 ശതമാനമായി ഉയർന്നു. ഏഷ്യൻ സാന്നിധ്യം 16 ശതമാനവുമായി.
പുതിയ കർദിനാൾമാരിൽ തൃശൂരിൽ കുടുംബവേരുകളുള്ള മലേഷ്യയിലെ പെനാംഗ് ബിഷപ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസും ഉൾപ്പെടുന്നു.