മണിപ്പുരിൽ സ്ഥിതിഗതികൾ ശാന്തമാകും: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
Thursday, September 28, 2023 1:59 AM IST
ന്യൂയോർക്ക്: മണിപ്പുരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
മണിപ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഏറെ പഴക്കമുണ്ട്. മണിപ്പുരിലേക്ക് നിയമവിരുദ്ധമായി കടന്നുകയറുന്നവർ സൃഷ്ടിക്കുന്ന അസ്ഥിരതകൾ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുകയാണെന്ന് ന്യൂയോർക്കിൽ നടന്ന കൗണ്‍സിൽ ഓണ്‍ ഫോറിൻ റിലേഷൻസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങളിൽ ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യ ഒരുകാലത്തും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് "ഫൈവ് ഐസ്’ സഖ്യ രാജ്യങ്ങളുടെ രഹസ്യാന്വേഷണ സംഘമാണോ വിവരങ്ങൾ കൈമാറിയതെന്ന ചോദ്യത്തിന്, ഈ സംഘത്തിൽ താ ൻ അംഗമല്ലാത്തതിനാൽ ചോദ്യം ബാധകമല്ലെന്നായിരുന്നു മറുപടി. 2020 ലെ ഗൽവാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യ-ചൈന ബന്ധം അസാധാരണ നിലയിലാണ്. യഥാർഥ നിയന്ത്രണരേഖയിലേക്കു സേനാവിന്യാസം നടത്തിയതിനെക്കുറിച്ചുള്ള ചൈനയുടെ വിശദീകരണങ്ങളൊന്നും വിശ്വാസയോഗ്യമല്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.