നാഗോർണോ-കരാബാക്കിൽ സ്ഫോടനം: 20 പേർ മരിച്ചു
Wednesday, September 27, 2023 1:30 AM IST
യെരവാൻ: അസർബൈജാന്റെ നിയന്ത്രണത്തിലായ നാഗോർണോ-കരാബാക് പ്രദേശത്തുനിന്ന് അർമേനിയൻ വംശജർ പലയാനം ചെയ്യുന്നതിനിടെ ഇവിട ത്തെ ഇന്ധനസംഭരണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 290 പേർക്കു പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്തിന്റെ തലസ്ഥാനമായ സ്റ്റെപാനാകെർട്ടിനടുത്ത് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
അർമേനിയൻ വംശജർ അയൽരാജ്യമായ അർമേനിയയിലേക്കു പലയാനം ചെയ്യാൻ തുടങ്ങിയതോടെ മേഖലയിലെ പെട്രോൾ പന്പുകളിൽ വൻ തിരക്കാണ്. ദിർഘകാലമായുള്ള ഉപരോധം മൂലം മേഖലയിൽ ഇന്ധനക്ഷാമമുണ്ട്.
മൂന്നു പതിറ്റാണ്ടായി അർമേനിയൻ വംശജരുടെ നിയന്ത്രണത്തിലായിരുന്ന നാഗോർണോ-കരാബാക് പ്രദേശം അസർബൈജൻ സേന കഴിഞ്ഞയാഴ്ച മിന്നലാക്രമണത്തിലൂടെ തിരിച്ചുപടിക്കുകയായിരുന്നു. ഇതോടെ വംശീയ ഉന്മൂലനഭീഷണി ഭയന്നാണ് അർമേനിയൻ ക്രൈസ്തവർ പലായനം ചെയ്യുന്നത്. 13,350 അഭയാർഥികൾ രാജ്യത്തെത്തിയതായി അർമേനിയൻ സർക്കാർ ഇന്നലെ അറിയിച്ചു. നാഗോർണോയിൽ 1.2 ലക്ഷം അർമേനിയൻ വംശജരാണുള്ളത്.
വംശീയ ഉന്മൂലനം തുടങ്ങിക്കഴിഞ്ഞുവെന്നാണ് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ ആരോപിച്ചത്. എന്നാൽ അർമേനിയൻ വംശജർക്കു തുല്യ പരിഗണന നല്കുമെന്നാണ് അസർബൈജാന്റെ വാഗ്ദാനം.