യുഎന്നിൽ കാനഡയെ പരോക്ഷമായി കുറ്റപ്പെടുത്തി എസ്. ജയശങ്കർ
Wednesday, September 27, 2023 1:30 AM IST
യുണൈറ്റഡ് നേഷൻസ്: ഭീകരതയ്ക്കെതിരേയുള്ള പ്രതികരണം രാഷ്ട്രീയതാത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ചാകരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 78-ാം യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് ജയശങ്കർ കാനഡയെ പരോക്ഷമായി കുറ്റപ്പെടുത്തിയത്.
"നമസ്തേ ഫ്രം ഭാരത്’എന്ന് അഭിസംബോധനയോടെയായിരുന്നു 17 മിനിറ്റ് നീണ്ട പ്രസംഗം ജയശങ്കർ തുടങ്ങിയത്.""ലോകം അസാധാരണ പ്രക്ഷുബ്ധ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. ഏതാനും രാജ്യങ്ങൾ അജൻഡ നിശ്ചയിക്കുന്ന കാലം അവസാനിച്ചു. വിശ്വാസം വളർത്തുക, ആഗോള സഹകരണം ശക്തമാക്കുക എന്നീ ആശയങ്ങൾക്കാണ് ഇപ്പോൾ പിന്തുണ. ആഗോള തലത്തിൽ പരസ്പരസഹകരണം വളർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ജി20യിൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തിയത് സുപ്രധാന നീക്കമാണ്. ഈ സുപ്രധാന നീക്കം ഐക്യരാഷ്ട്രസഭയെയും പ്രചോദിപ്പിക്കണം. യുഎൻ സുരക്ഷാസമിതി സമകാലികമാകണം. അനിതര സാധാരണമായ ഉത്തരവാദിത്വം എന്ന ബോധ്യത്തോടെയാണ് ജി20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ഞങ്ങളുടെ ദർശനം മാനവരാശിയുടെ സുപ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദീകരിക്കാനാണ്. ''-ജയശങ്കർ പറഞ്ഞു.