കാനഡ തീവ്രവാദികളുടെ സുരക്ഷിതതാവളമാകുന്നു: ശ്രീലങ്കൻ വിദേശകാര്യമന്ത്രി
Wednesday, September 27, 2023 1:30 AM IST
ന്യൂയോർക്ക്: കാനഡ തീവ്രവാദികളുടെ സുരക്ഷിത താവളമാകുകയാണെന്നും ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമായ തെളിവില്ലാതെയാണ് ഇന്ത്യക്കെതിരേ പ്രകോപനപരമായ ആരോപണവുമായി രംഗത്തെത്തിയതെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി.
ഇന്ത്യ-കാനഡ നയതന്ത്ര വിവാദത്തെക്കുറിച്ച് ന്യൂയോർക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാനരീതിയിൽ തെളിവില്ലാത്ത ആരോപണമാണ് ശ്രീലങ്കയ്ക്കെതിരേയും ട്രൂഡോ ഉന്നയിച്ചത്. ശ്രീലങ്കയിൽ വംശഹത്യ നടക്കുകയാണെന്ന് അദ്ദേഹം നുണ പറഞ്ഞു. എന്നാൽ, എല്ലാവർക്കുമറിയാം ഇവിടെ വംശഹത്യയൊന്നും നടന്നിട്ടില്ലെന്ന്. ട്രൂഡോയുടെ വംശഹത്യാ ആരോപണം ശ്രീലങ്ക-കാനഡ ബന്ധത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അലി സാബ്രി ചൂണ്ടിക്കാട്ടി.