നാഗോർണോ കരാബാക് വീണ്ടും പുകയുന്നു; അർമേനിയ-അസർബൈജാൻ സംഘർഷം
Wednesday, September 20, 2023 12:30 AM IST
ബാക്കു: നാഗോർണോ കരാബാക് പ്രദേശത്തെച്ചൊല്ലി അയൽരാജ്യങ്ങളായ അർമേനിയയും അസർബൈജാനും വീണ്ടും സംഘർഷത്തിലേക്ക്. അസർബൈജാൻ സേന നാഗോർണോയിൽ ഇന്നലെ ആക്രമണം ആരംഭിച്ചു. തീവ്രവാദവിരുദ്ധ ഓപ്പറേഷനാണു നടത്തുന്നതെന്ന് അസർബൈജാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അസർബൈജാന്റെ ഉള്ളിലാണു നാഗോർണോ കരാബാക് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്രസമൂഹം പ്രദേശത്തെ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കുന്നു. എന്നാൽ, അർമേനിയൻ വംശജർക്കാണ് അവിടെ ഭൂരിപക്ഷം. അതിനാൽ അർമേനിയയ്ക്കു നാഗോർണോയിൽ ശക്തമായ സ്വാധീനമുണ്ട്.
1990ലും 2020ലും ഇരു രാജ്യങ്ങളും നാഗോർണോയെച്ചൊല്ലി യുദ്ധം ചെയ്തിരുന്നു. അർമേനിയയിൽനിന്ന് നാഗോർണോയിലേക്കുള്ള ഏക പാത അസർബൈജാൻ ഡിസംബറിൽ ഉപരോധിച്ചതിനെത്തുടർന്ന് സംഘർഷസാധ്യത ശക്തമായിരുന്നു.
അർമേനിയൻ സേന തങ്ങളുടെ സൈനിക പോസ്റ്റുകൾക്കു നേർക്ക് ആക്രമണം ആരംഭിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്ന് അസർബൈജാൻ ആരോപിച്ചു. അസർബൈജാൻ സേന വെടിനിർത്തൽ കരാർ ലംഘിച്ചതായി അർമേനിയ ആരോപിച്ചു.
വിപുലമായ സൈനിക സന്നാഹത്തോടെയാണ് അസർബൈജാൻ ആക്രമണം നടത്തുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. നാഗോർണോയുടെ തലസ്ഥാനമായ സ്റ്റെപാനാകെർട്ടിൽ വെടിയൊച്ചകൾ മുഴങ്ങി. സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുന്നില്ലെന്നാണ് അസർബൈജാൻ അവകാശപ്പെടുന്നത്.
2020ലെ വെടിനിർത്തൽ ധാരണ മാനിക്കാൻ ഇരു രാജ്യങ്ങളും തയാറാകണമെന്ന് റഷ്യ ആവശ്യപ്പെട്ടു. വെടിനിർത്തൽ ഉറപ്പുവരുത്താനായി റഷ്യ, മേഖലയിൽ 3,000 സൈനികരെ വിന്യസിച്ചിരുന്നു.
റഷ്യയുടെ ശ്രദ്ധ യുക്രെയ്ൻ യുദ്ധത്തിലായതോടെ വെടിനിർത്തൽ ധാരണ ദുർബലമായിരുന്നു. റഷ്യ തങ്ങളെ അവഗണിക്കുകയാണെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ ആരോപിക്കുകയുണ്ടായി.
ക്രിസ്ത്യൻ ഭൂരിപക്ഷ അർമേനിയയിൽ റഷ്യക്കും മുസ്ലിം ഭൂരിപക്ഷ അസർബൈജാനിൽ തുർക്കിക്കും സ്വാധീനമുണ്ട്.