ട്രംപിനെ നിയന്ത്രിക്കണം; പ്രോസിക്യൂഷൻ കോടതിയിൽ
Sunday, September 17, 2023 12:24 AM IST
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിൽനിന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തടയണമെന്നാവശ്യം.
പ്രോസിക്യൂഷൻ ഇതിനായി കോടതിയിൽ അപേക്ഷ നല്കി. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് അടക്കമുള്ള പ്രവൃത്തികളിൽനിന്ന് ട്രംപിനെ തടയാൻ ഇതാവശ്യമാണെന്നാണ് വാദം. എന്നാൽ, തന്റെ വായ മൂടിക്കെട്ടാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.
2020-ലെ തെരഞ്ഞെടുപ്പ് അട്ടമിറിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണത്തിൽ ട്രംപിനെതിരേ ക്രിമിനൽ കേസുകളുണ്ട്. അടുത്തവർഷത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന അദ്ദേഹം കേസുകളെ പ്രചാരണായുധമാക്കുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് പരിഗണിക്കുന്ന ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതായി ട്രംപ് ആരോപിച്ചിരുന്നു.
അതേസമയം ട്രംപിന് നിയന്ത്രണം ഏർപ്പെടുന്നത് അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച് കൂടുതൽ കേസുകൾക്ക് ഇടയാക്കിയേക്കും.