ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം: അന്വേഷണത്തിൽ ഉറപ്പു നല്കി യുഎസ്
Friday, September 15, 2023 3:40 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടൂല (23) പോലീസ് കാറിടിച്ചു മരിച്ചതിൽ അന്വേഷണം ഊർജിതമാക്കി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് അമേരിക്കൻ സർക്കാർ ഇന്ത്യക്ക് ഉറപ്പു നല്കി.
ജനുവരി 23നു സിയാറ്റിലിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് അമേരിക്കൻ ഭരണകൂടത്തിലെ ഉന്നതർക്കുമേൽ സമ്മർദം ചെലുത്തിയത്.
കെവിൻ ഡേവ് എന്ന പോലീസുകാരൻ അതിവേഗത്തിൽ ഓടിച്ചിരുന്ന കാറിടിച്ചാണു മരണം സംഭവിച്ചത്. 119 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ. റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാഹ്നവി നൂറ് അടി അകലേക്കു തെറിച്ചുവീണു.
പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള കാമറ പിടിച്ചെടുത്ത ദൃശ്യങ്ങൾ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. അപകടത്തിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ പൊട്ടിച്ചിരിക്കുന്നതും കാറോടിച്ചിരുന്ന കെവിനെതിരേ ക്രിമിനൽ അന്വേഷണം ഉണ്ടാവില്ലെന്നു പറയുന്നതും വീഡിയോയിലുണ്ട്. ഇതിനു പിന്നാലെ ഇന്ത്യൻ വംശജരും ജനപ്രതിനിധികളും പോലീസിനെതിരേ രംഗത്തു വന്നിരുന്നു.