കൊടുങ്കാറ്റ്, പ്രളയം: ലിബിയയിൽ മരണം 5,300
Thursday, September 14, 2023 1:28 AM IST
ഡെർന: ലിബിയയുടെ കിഴക്കൻ ഭാഗത്തെ ഡെർന നഗരത്തിൽ കൊടുങ്കാറ്റിലും പ്രളയത്തിലും മരണം 5,300 പിന്നിട്ടു. മറ്റു പ്രദേശങ്ങളിലായി നൂറു പേർ മരിച്ചു. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. നാമാവശേഷമായ ഡെർന നഗരത്തിൽ ഇന്നലെ രാവിലെവരെ 2000 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ പകുതിയിലേറെയും കൂട്ടക്കുഴിമാടത്തിൽ സംസ്കരിച്ചു.
ഡെർനയിൽ മാത്രം 10,000 പേരെയാണു കാണാതായത്. ഡെർനയിൽ എവിടെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണു കാണാനാകുകയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ഡാനിയേൽ ചുഴലിക്കൊടുങ്കാറ്റ് തിങ്കളാഴ്ചയാണു കിഴക്കൻ ലിബിയയിൽ നാശം വിതച്ചത്. ബംഗാസി, സൂസ, അൽ മരാഷ് നഗരങ്ങളിലും വൻ നാശനഷ്ടമുണ്ടായി. വാഡി ഡെർന നദിയിലെ രണ്ട് അണക്കെട്ടുകൾ തകർന്ന് വെള്ളം കുതിച്ചൊഴുകിയതോടെ ഡെർന നഗരം തകർന്നടിഞ്ഞു. ഇവിടെ 30,000 പേർ ഭവനരഹിതരായി.
രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ വയ്യാത്ത സ്ഥിതിയിലാണു നഗരത്തിന്റെ പല ഭാഗങ്ങളും. നഗരത്തിലേക്കുള്ള മിക്ക റോഡുകളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. നഗരത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഡെർന നദിയിലെ പാലം തകർന്നു. അയൽരാജ്യങ്ങളായ ഈജിപ്റ്റ്, അൾജീരിയ ടുണീഷ്യ എന്നിവയും തുർക്കിയും യുഎഇയും രക്ഷാപ്രവർത്തകരെ അയച്ചു. ഈ രാജ്യങ്ങൾ അടിയന്തര സഹായം എത്തിച്ചിട്ടുണ്ട്. ലിബിയയെ സഹായിക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ ലിബിയയിൽ രണ്ടു സർക്കാരുകൾ പ്രവർത്തിക്കുന്നതു രക്ഷാപ്രവർത്തനത്തെ ബാധിച്ചു. തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര പിന്തുണയോടെ ഐക്യസർക്കാരും കിഴക്കൻ മേഖലയിൽ ബംഗാസി കേന്ദ്രീകരിച്ച് മറ്റൊരു സർക്കാരും നിലവിലുണ്ട്.
42 വർഷം ലിബിയ ഭരിച്ച കേണൽ ഗദ്ദാഫിയെ എതിർത്തു നിന്നവരാണ് ഡെർന നിവാസികൾ. അതിനാൽ ഈ മേഖലയിൽ യാതൊരു വികസനവും ഉണ്ടായിട്ടില്ല. ഒറ്റ ആശുപത്രിപോലും ഈ നഗരത്തിലുണ്ടായിരുന്നില്ല. വീടുകൾ താത്കാലിക ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.