യുക്രെയ്ന്റെ പ്രത്യാക്രമണം തകർത്തു; 250 സൈനികരെ വധിച്ചു: റഷ്യ
Tuesday, June 6, 2023 12:38 AM IST
മോസ്കോ: അധിനിവേശ ഡോണറ്റ്സ്കിൽ യുക്രെയ്ൻ സേന നടത്തിയ വൻ പ്രത്യാക്രമണം പരാജയപ്പെടുത്തിയതായി റഷ്യ അവകാശപ്പെട്ടു. 250നു മുകളിൽ യുക്രെയ്ൻ സൈനികരെ വധിച്ചു. 16 ടാങ്കുകൾ, 21 കവചിത വാഹനങ്ങൾ മുതലായവ നശിപ്പിച്ചു. റഷ്യയുടെ അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നാണ് യുക്രെയ്ൻ പ്രതികരിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു ഈ ആക്രമണം. യുക്രെയ്ൻ സൈനിക വാഹനങ്ങൾക്കു നേർക്ക് ആയുധങ്ങൾ പ്രയോഗിക്കുന്നതിന്റേത് എന്നവകാശപ്പെടുന്ന വീഡിയോ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. തിങ്കളാഴ്ച വീണ്ടും യുക്രെയ്ൻസേന ആക്രമണം തുടങ്ങിയതായും റഷ്യൻ വൃത്തങ്ങൾ പറയുന്നുണ്ട്.
മാസങ്ങളായി പ്രതീക്ഷിക്കപ്പെടുന്ന ‘യുക്രെയ്ൻ പ്രത്യാക്രമണ’ത്തിന്റെ ഭാഗമാണോ ഇതെന്നു വ്യക്തമല്ല. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ മോചിപ്പിക്കാനായി ഉടൻ വലിയ പ്രത്യാക്രമണം തുടങ്ങുമെന്നാണ് യുക്രെയ്ൻ നേതാക്കൾ കൂടെക്കൂടെ അവകാശപ്പെടുന്നത്.
ഞായറാഴ്ച യുക്രെയ്ൻ സേനയുടെ മെക്കനൈസ്ഡ് ബ്രിഗേഡുകളാണ് തിങ്കളാഴ്ച ആക്രമണം നടത്തിയെന്നാണ് റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. ഇന്നലെ ആരംഭിച്ച ആക്രമണം കൂടുതൽ ഏകോപനത്തോടുകൂടിയതാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, അടുത്തിടെ റഷ്യ പിടിച്ചെടുത്ത ബാക്മുത്ത് പട്ടണം ലക്ഷ്യമാക്കി നീങ്ങുന്നതായി യുക്രെയ്ൻ കരസേന അറിയിച്ചു. ചില ഭാഗങ്ങൾ റഷ്യയിൽനിന്നു തിരിച്ചുപിടിച്ചതായും സേന അവകാശപ്പെട്ടു.
ഇതിനിടെ, യുക്രെയ്ൻ അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗരോദ് വീണ്ടും ആക്രമണത്തിനിരയായി. യുക്രെയ്ൻ ഭീകരവാദികളാണ് സംഭവത്തിനു പിന്നിലെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ പ്രസിഡന്റ് പുടിനെ എതിർക്കുന്ന റഷ്യൻ സായുധ ഗ്രൂപ്പുകളാണ് ഇവരെന്ന് യുക്രെയ് പറയുന്നു. തങ്ങൾ യുക്രെയ്നു നല്കിയ തോക്കുകൾ ഈ ഗ്രൂപ്പുകൾ റഷ്യയ്ക്കുള്ളിൽ പ്രയോഗിച്ചതിൽ അന്വേഷണം ആരംഭിച്ചതായി ബെൽജിയം അറിയിച്ചു.