അമേരിക്ക-ചൈന യുദ്ധം ലോകത്തിനു താങ്ങാനാവില്ല: ചൈനീസ് പ്രതിരോധമന്ത്രി
Sunday, June 4, 2023 11:31 PM IST
സിംഗപ്പുർ: അമേരിക്കയുമായി ഏറ്റമുട്ടലല്ല, ചർച്ചയാണ് ആഗ്രഹിക്കുന്നതെന്നു ചൈനയുടെ പുതിയ പ്രതിരോധമന്ത്രി ലി ഷാംഗ്ഫു. അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടൽ ലോകത്തിനു താങ്ങാൻ പറ്റാത്ത ദുരിതമായിരിക്കും നല്കുക. സിംഗപ്പൂരിൽ ഷാംഗ്റി-ലാ സുരക്ഷാ ഉച്ചകോടിയിൽ സംസാരിച്ച ലി, ശീതയുദ്ധമനോഭാവം രൂപംകൊള്ളുന്നതിനെതിരേയും മുന്നറിയിപ്പു നല്കി.
ചൈനയ്ക്കും അമേരിക്കയ്ക്കും ഒരുമിച്ചു വളരാൻതക്ക വലുതാണു ലോകം. ഇരുരാജ്യങ്ങൾ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. ഉഭയകക്ഷിബന്ധവും സഹകരണവും ശക്തിപ്പെടുത്താനുള്ള ചർച്ചകൾ അതിന്റെ പേരിൽ ഒഴിവാക്കേണ്ടതില്ല.
ആയുധങ്ങൾ നല്കിയും നയതന്ത്ര സന്ദർശനങ്ങൾ ഊർജിതമാക്കിയും തായ്വാനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കു ലി മുന്നറിയിപ്പു നല്കി. തായ്വാൻ വിഷയത്തിൽ അമേരിക്ക ചൈനയുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടുകയാണ്. സമാധാനമാണു ചൈന ആഗ്രഹിക്കുന്നത്. പക്ഷേ, ചൈനയുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നടപടികളുണ്ടാകും. ഏഷ്യാ പസഫിക് മേഖലയിൽ നാറ്റോ മാതൃകയിൽ സൈനികകൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമം മേഖലയിൽ സംഘർഷത്തിനും തർക്കത്തിനും വഴിവയ്ക്കും. ശീതയുദ്ധമനോഭാവം വളരുന്നത് സുരക്ഷയ്ക്ക് ആപത്താണ്. മാർച്ചിൽ അധികാരമേറ്റ ലി ഷാംഗ്ഫു പട്ടാള യൂണിഫോമിലാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
നേരത്തേ ഉച്ചകോടിയിൽ സംസാരിച്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ചൈനയുമായി ചർച്ച നടത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. പക്ഷേ, തായ്വാന് അമേരിക്കയുടെ പിന്തുണ തുടരും. തായ്വാൻ കടലിടുക്കിലും തെക്കൻ ചൈനാക്കടലിലും ചൈനീസ് സൈന്യം ഉയർത്തുന്ന ഭീഷണികളിൽ അമേരിക്ക ഭയപ്പെടില്ലെന്നും ലോയ്ഡ് ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങിയതിന്റെ പേരിൽ ലി ഷാംഗ്ഫുവിനെതിരേ അമേരിക്ക 2018ൽ ഉപരോധം ചുമത്തിയിരുന്നു. ഉച്ചകോടിയുടെ ഭാഗമായി വെള്ളിയാഴ്ച ലോയ്ഡ് ഓസ്റ്റിനും ലിയും ഹസ്തദാനം ചെയ്ത് ഹ്രസ്വസംഭാഷണത്തിൽ ഏർപ്പെട്ടു.