എവറസ്റ്റിൽ അദ്ഭുത രക്ഷാപ്രവർത്തനം
Friday, June 2, 2023 1:06 AM IST
കാഠ്മണ്ഡു: എവറസ്റ്റിൽ മരണത്തെ മുഖാമുഖം കണ്ട മലകയറ്റക്കാരനു രക്ഷകനായി നേപ്പാളി ഗൈഡ് ഗിൽജെ ഷെർപ്പ. മരണത്തിന്റെ മേഖല എന്ന സ്ഥലത്തു കുടുങ്ങിപ്പോയ മലേഷ്യക്കാരനെ ഗിൽജെ ഷെർപ്പ തോളിൽ ചുമന്നു രക്ഷപ്പെടുത്തുകയായിരുന്നു.
ചൈനീസ് മലകയറ്റക്കാരന്റെ ഗൈഡ് ആയിരുന്നു ഗിൽജെ ജെർപ്പ, മേയ് 18നാണ് ഡെത്ത് സോൺ മേഖലയിൽവച്ച് മലേഷ്യക്കാരനെ കണ്ടെത്തിയത്. ഇദ്ദേഹം ഇവിടെ കുടുങ്ങിയത് എങ്ങനയാണെന്നതിൽ വ്യക്തതയില്ല.
അവശേഷിക്കുന്ന ജിവനുമായി തണുത്തുവിറച്ച് ഒരു വടത്തിൽ മുറുകെപ്പിടിച്ചിരിക്കുകയായിരുന്നു മലേഷ്യക്കാരൻ. ഓക്സിജന്റെ അഭാവവും മൈനസ് 30 ഡിഗ്രി വരെ തണുപ്പുമുള്ള ഈ മേഖലയിൽവച്ചാണ് എവറസ്റ്റിലെ മരണങ്ങളെല്ലാം സംഭവിച്ചിട്ടുള്ളത്.
ചൈനീസ് മലകയറ്റക്കാനോടു തിരിച്ചിറങ്ങാൻ നിർദേശിച്ച ഗിർജെ ഷെർപ്പ, മലേഷ്യക്കാരനെ ആറു മണിക്കൂർ തോളിൽച്ചുമന്ന് മറ്റു ഗൈഡുകളുടെ അടുത്തെത്തിച്ചു. തുടർന്ന് സ്ലീപ്പിംഗ് മാറ്റ് ഉപയോഗിച്ച് ഇയാളെ പൊതിഞ്ഞു ചുമന്നും മഞ്ഞിലൂടെ വലിച്ചും ക്യാന്പ് ത്രീയിൽ എത്തിച്ചു. ഇവിടെനിന്നു ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ആരോഗ്യം വീണ്ടെടുത്ത് മലേഷ്യക്കു തിരിച്ചുപോയ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
എവറസ്റ്റിൽ ഇത്രയും ഉയരത്തിൽ രക്ഷാപ്രവർത്തനം അപൂർവമാണെന്നു പറയപ്പെടുന്നു.
ഈ വർഷത്തെ സീസണിൽ എവറസ്റ്റിനു മുകളിൽ 12 പേർ മരിച്ചിട്ടുണ്ട്.