പാട്ടക്കുടിശിക: പാക് വിമാനം ജപ്തിചെയ്തു
Thursday, June 1, 2023 12:45 AM IST
ക്വാലാലംപുർ: പാട്ടക്കുടിശിക അടയ്ക്കാതിരുന്നതിനെത്തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസി(പിഐഎ)ന്റെ വിമാനം മലേഷ്യയിൽ ജപ്തിചെയ്യപ്പെട്ടു.
തിങ്കളാഴ്ച ക്വാലാലംപുർ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിക്കാനായി പിഐഎയ്ക്ക് മറ്റൊരു വിമാനം അയയ്ക്കേണ്ടിവന്നു.
വിമാനം പാട്ടത്തിനു നല്കിയ എയർക്യാപ് ഹോൾഡിംഗ് എൻവി എന്ന കന്പനിയുടെ ആവശ്യപ്രകാരം ക്വാലാലംപുർ കോടതി ജപ്തി അനുവദിക്കുകയായിരുന്നു. പാട്ടക്കുടിശികയായി പിഐഎ 40 ലക്ഷം ഡോളർ നല്‍കാനുണ്ടെന്നാണ് ഇവർ പറയുന്നത്. എന്നാൽ, തുക നേരത്തേ നല്‍കിയതാണെന്നും വിമാനം വിട്ടുകിട്ടാൻ നിയമനടപടി സ്വീകരിക്കുമെന്നും പിഐഎ അറിയിച്ചു.
ഇതേ കാരണത്താൽ ഇതേ വിമാനം 2021ൽ മലേഷ്യയിൽ ജപ്തിചെയ്യപ്പെട്ടതാണ്. കുടിശിക വീട്ടാമെന്നു പാക്കിസ്ഥാൻ ഉറപ്പു നല്കിയതിനെത്തുടർന്നാണു വിമാനം വിട്ടുനല്‍കിയത്.