ബാക്മുത്തിന്റെ നിയന്ത്രണം റഷ്യൻ പട്ടാളത്തിന്
Friday, May 26, 2023 12:59 AM IST
മോസ്കോ: യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ബാക്മുത് നഗരത്തിന്റെ നിയന്ത്രണം റഷ്യൻ പട്ടാളത്തിനു കൈമാറിത്തുടങ്ങിയെന്ന് വാഗ്നർ കൂലിപ്പട്ടാളത്തിന്റെ മേധാവി യെവ്ജെനി പ്രിഗോഷിൻ അറിയിച്ചു.
ബാക്മുത്തിനായി പത്തുമാസം നടത്തിയ പോരാട്ടത്തിൽ വാഗ്നർ ഗ്രൂപ്പിലെ 20,000 പോരാളികൾ കൊല്ലപ്പെട്ടു. ഇതിൽ പാതിയും റഷ്യൻ ജയിലുകളിൽനിന്ന് റിക്രൂട്ട് ചെയ്ത തടവുകാരാണ്.
വാഗ്നർ പോരാളികൾ ബാക്മുത്തിൽനിന്ന് പൂർണമായി പിന്മാറാൻ തുടങ്ങിയെന്നാണ് പ്രിഗോഷിൻ അറിയിച്ചത്. റഷ്യൻ പട്ടാളത്തെ സഹായിക്കാനായി കുറച്ചുപേരെ നഗരത്തിൽ നിർത്തും. ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോകുന്നില്ല. റഷ്യൻ പട്ടാളത്തിന് നേരിടാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ വാഗ്നർ പോരാളികൾ വീണ്ടും രംഗത്തിറങ്ങുമെന്നും പ്രിഗോഷിൻ കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് പ്രിഗോഷിൻ ബാക്മുത്ത് പൂർണമായി പിടിച്ചെടുത്തുവെന്നവകാശപ്പെട്ടത്. പ്രിഗോഷിനെ റഷ്യൻ പ്രസിഡന്റ് പുടിൻ അഭിനന്ദിക്കുകയുണ്ടായി.
എന്നാൽ നഗരത്തിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടിട്ടില്ലെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.