പാക്കിസ്ഥാനിൽ ഭീകരാക്രമണം: ആറു മരണം
Tuesday, May 23, 2023 11:44 PM IST
പെഷവാർ: പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഓസ്ട്രിയൻ കന്പനിയുടെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ ആറു സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോടു ചേർന്ന ഹാംഗുവിൽ പ്രവർത്തിക്കുന്ന എംഒഎൽ ഗ്രൂപ്പിന്റെ എണ്ണ-വാതക പര്യവേക്ഷ ണ സൈറ്റിൽ തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ആണ് പിന്നിലെന്നു കരുതുന്നു.
അന്പതോളം വരുന്ന സംഘം പലവിധ ആയുധങ്ങളുമായി പ്രധാന കവാടം ആക്രമിക്കുകയായിരുന്നു.
പാക് അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോൺസ്റ്റാബുലറിയിലെ നാലും സ്വകാര്യ സുരക്ഷാ ഏജൻസിയിലെ രണ്ടും പേരാണു കൊല്ലപ്പെട്ടത്. സ്ഥലത്തെത്തിയ പോലീസ് ഒരു മണിക്കൂറിലധികം നീണ്ട പോരാട്ടത്തിലൂടെയാണ് ഭീകരരെ തുരത്തിയത്.
ബുഡാപെസ്റ്റ് ആസ്ഥാനമായ എംഒഎൽ ഗ്രൂപ്പ് 1999 മുതൽ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്.