സിറിയയിൽ യുഎസ് വ്യോമാക്രമണം; 11 മരണം
Saturday, March 25, 2023 12:02 AM IST
ഡമാസ്കസ്: കിഴക്കൻ സിറിയയിൽ പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം. 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. വടക്കുകിഴക്കൻ സിറിയയിലെ ഹസാക്കെയിലുള്ള യുഎസ് സൈനികതാവളത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിനു മറുപടിയായിട്ടായിരുന്നിത്.
വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോൺ ഇറേനിയൻ നിർമിതമാണെന്നു കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും അഞ്ചു സൈനികർക്കും മറ്റൊരു കരാറുകാരനും പരിക്കേൽക്കുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു തിരിച്ചടിക്ക് ഉത്തരവിട്ടതെന്നു പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. ഇറാനിലെ വിപ്ലവഗാർഡുകളുമായി ബന്ധമുള്ള ഗ്രൂപ്പുകളെയാണു വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഴക്കൻ സിറിയയിലെ ദെയ്ർ അസ് സോർ നഗരം, മയാദീൻ പട്ടണം, ഇറാൻ അതിർത്തിയോടു ചേർന്ന ബുക്കാമൽ പട്ടണം എന്നിവിടങ്ങളിലായിരുന്നു യുഎസ് വ്യോമാക്രമണമെന്നു സിറിയൻ ഓബ്സർവേറ്ററി ഹ്യൂമൻ റൈറ്റ്സ് സംഘടന അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാനായി തൊള്ളായിരത്തോളം യുഎസ് ഭടന്മാരെ സിറിയയുടെ തെക്കും കിഴക്കും ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സിറിയൻ സർക്കാരിന്റെ അനുമതിയില്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത്.