ചരിത്രംകുറിച്ച് കൊറിയൻ പ്രസിഡന്റിന്റെ ജപ്പാൻ സന്ദർശനം
Friday, March 17, 2023 12:13 AM IST
ടോക്കിയോ: ചരിത്രസന്ദർശനത്തിനെത്തിയ ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സക് യോളിനെ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ ഊഷ്മളമായി സ്വീകരിച്ചു. 12 വർഷത്തിനു ശേഷമാണ് ഒരു ദക്ഷിണകൊറിയൻ പ്രസിഡന്റ് ജപ്പാനിൽ കാലു കുത്തുന്നത്.
ചൈനയും ഉത്തരകൊറിയയും ഉയർത്തുന്ന സുരക്ഷാവെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ചരിത്രപരമായി ശത്രുതാ മനോഭാവം പുലർത്തുന്ന ദക്ഷിണകൊറിയയും ജപ്പാനും തമ്മിൽ കൂടുതലടുക്കുന്നത്.
യൂണിന്റെ സന്ദർശനം രണ്ടു ദിവസം നീളും. യൂണും ഫുമിയോയും ഇന്നലെ ടോക്കിയോയിൽ ഉച്ചകോടിക്കുശേഷം സംയുക്ത വാർത്താസമ്മേളനം നടത്തി.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ ദക്ഷിണകൊറിയ ജപ്പാന്റെ കോളനിയായിരുന്നു. ഇക്കാലത്തിനിടെ ദക്ഷിണകൊറിയയിലെ പുരുഷന്മാരെ ഫാക്ടറികളിലും ഖനികളിലും അടിമകളെപ്പോലെ പണിയെടുപ്പിക്കുകയും സ്ത്രീകളെ നിർബന്ധിത വേശ്യാവൃത്തിക്ക് ഇരയാക്കുകയും ചെയ്തിരുന്നു. കൊറിയക്കാരുടെ മനസിൽ ഇതിപ്പോഴും ഉണങ്ങാത്ത മുറിവാണ്.
അടിമപ്പണിയുടെ പേരിൽ ജപ്പാൻ നഷ്ടപരിഹാരം നല്കണമെന്ന് അടുത്തിടെ കൊറിയൻ കോടതി ഉത്തരവിട്ടിരുന്നു. ജപ്പാൻ ഇതു പാലിക്കേണ്ടതില്ലെന്നും കൊറിയൻ സർക്കാർ പണം കണ്ടെത്തിക്കോളാമെന്നും പറഞ്ഞ് യൂൺ ആണ് ആദ്യമായി സൗഹൃദഹസ്തം നീട്ടിയത്.
അതേസമയം, ഇതിന്റെ പേരിൽ അദ്ദേഹം പ്രതിപക്ഷത്തിന്റെ അധിക്ഷേപത്തിനിരയാവുകയും ചെയ്തു.
ചൈന സൈനികശേഷം വർധിപ്പിക്കുകയും ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ തുട രുകയും ചെയ്യുന്ന സാഹചര്യത്തിൽ ജപ്പാനും ദക്ഷിണകൊറിയയും അടുക്കേണ്ടത് അമേരിക്കയുടെകൂടി ആവശ്യമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.