ചൈനീസ് ബലൂൺ യുഎസ് വെടിവച്ചിട്ടു; അവശിഷ്ടങ്ങൾക്കായി തെരച്ചിൽ
Monday, February 6, 2023 12:13 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്ക വെടിവച്ചു വീഴ്ത്തിയ ചൈനീസ് ചാരബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി അറ്റ്ലാന്റിക് സമുദ്രത്തിൽ തെരച്ചിൽ തുടങ്ങി.
പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവുപ്രകാരം വെള്ളിയാഴ്ചയാണ് യുഎസ് യുദ്ധവിമാനം മിസൈൽ പ്രയോഗിച്ച് ബലൂൺ വെടിവച്ചിട്ടത്. തെക്കൻ കലിഫോർണിയാ തീരത്തുനിന്നു പത്തു കിലോമീറ്റർ അകലെയാണ് അവശിഷ്ടങ്ങൾ പതിച്ചത്. മേഖലയിൽനിന്നു ജനങ്ങളെയും ബോട്ടുകളെയും മാറ്റിയിരുന്നു.
അമേരിക്കയ്ക്കു മുകളിൽ ചൈനീസ് ചാരബലൂൺ പറക്കുന്നതിനെക്കുറിച്ച് സൈന്യം ബുധനാഴ്ചതന്നെ വിവരങ്ങൾ ധരിപ്പിച്ചതാണെന്നും ജനവാസ മേഖലയിൽനിന്നു ബലൂൺ നീങ്ങുന്നതുവരെ കാത്തതുകൊണ്ടാണു വെടിവച്ചിടാൻ വൈകിയതെന്നും ബൈഡൻ പറഞ്ഞു.
ആണവമിസൈൽ കേന്ദ്രങ്ങൾക്കു മുകളിലൂടെയടക്കം ബലൂൺ പറന്നത് യുഎസും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനാ സന്ദർശനം റദ്ദാക്കുകയുണ്ടായി.
കാലാവസ്ഥാപഠനത്തിനുള്ള ബലൂണാണിതെന്നും അബദ്ധത്തിൽ അമേരിക്കയുടെ ആകാശത്തു പ്രവേശിച്ചതാണെന്നുമാണു ചൈന പറയുന്നത്. സിവിലിയൻ ആവശ്യങ്ങൾക്കുള്ള ബലൂൺ യുഎസ് പട്ടാളം വെടിവച്ചിട്ടതിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുന്നതായി ചൈന പ്രതികരിച്ചു.