കറാച്ചിയിൽ 16 ദിവസത്തിനിടെ 18 പേർ ദുരൂഹമായി മരിച്ചു
Saturday, January 28, 2023 1:10 AM IST
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ 16 ദിവസത്തിനിടെ 18 പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതിനു കാരണം രണ്ടു ഫാക്ടറികളിൽനിന്നുള്ള വിഷവാതകമെന്നു റിപ്പോർട്ട്. അലി മുഹമ്മദ് ഗോത്ത് മേഖലയിൽ 10-26 തീയതികൾക്കിടയിലാണ് ഇത്രയും മരണങ്ങളുണ്ടായത്. 13 വരെ പ്രായമുള്ള 15 പേരും മൂന്ന് മുതിർന്നവരുമാണു മരിച്ചത്.
ഫാക്ടറികളിൽനിന്നുള്ള രാസവസ്തു മൂലം ശ്വാസകോശ പ്രശ്നങ്ങളുണ്ടായതാണു മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി സിന്ധ് പ്രവിശ്യയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ശ്വാസതടസം, പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ട് അഞ്ചു ദിവസത്തിനകമാണ് മരണം സംഭവിച്ചത്. മേഖലയിൽ പ്രത്യേക ചികിത്സാ ക്യാന്പുകൾ ആരംഭിച്ചിട്ടുണ്ട്.