റഷ്യൻ മിസൈൽ: യുക്രെയ്നിൽ ഊർജപ്രതിസന്ധി
Tuesday, December 6, 2022 10:32 PM IST
കീവ്: റഷ്യൻ പട്ടാളം തിങ്കളാഴ്ച നടത്തിയ മിസൈൽ ആക്രമണങ്ങളിൽ യുക്രെയ്നിലെ വൈദ്യുതിവിതണ ശൃംഖലയ്ക്കു വലിയ നാശംനേരിട്ടു.
തലസ്ഥാനമായ കീവ്, വിന്നിറ്റ്സ്യ, സൈറ്റോമിർ, നിപ്രോവെട്രോവ്സ്ക്, ഒഡേസ, ചെർക്കേസി മേഖലകളിൽ വ്യാപകമായി വൈദ്യുതിയില്ലാതായി. വരുംദിവസങ്ങളിൽ കീവിന്റെ പകുതിഭാഗത്തും വൈദ്യുതി ഉണ്ടാവില്ലെന്ന് അധികൃതർ പറഞ്ഞു.
70 മിസൈലുകളാണു റഷ്യ തൊടുത്തതെന്നും ഭൂരിഭാഗവും വെടിവച്ചിട്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അവകാശപ്പെട്ടു. എന്നാൽ, ഉന്നമിട്ട 17 സ്ഥലങ്ങളിലും മിസൈലുകൾ പതിച്ചെന്ന് റഷ്യ പറഞ്ഞു.
എട്ടാഴ്ചയ്ക്കുള്ളിൽ യുക്രെയ്നെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന എട്ടാമത്തെ വലിയ മിസൈൽ ആക്രമണമായിരുന്നിത്. റഷ്യയിലെ റയാസാൻ, സരാറ്റോവ് വ്യോമതാവളങ്ങളിൽ സ്ഫോടനമുണ്ടായി മൂന്നു പട്ടാളക്കാർ കൊല്ലപ്പെട്ടു മണിക്കൂറുകൾക്കമായിരുന്നു തിങ്കളാഴ്ചത്തെ ആക്രമണം. യുക്രെയ്നാണ് സ്ഫോടനങ്ങൾക്കു പിന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.
യുക്രെയ്ൻ പട്ടാളം ഇന്നലെ വീണ്ടും തങ്ങളുടെ വ്യോമതാവളത്തെ ലക്ഷ്യമിട്ടതായി റഷ്യ ആരോപിച്ചു. കുർസ്കിലെ താവളത്തിൽ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എണ്ണസംഭരണ കേന്ദ്രത്തിനു തീപിടിച്ചെങ്കിലും ആരും മരിച്ചതായി റിപ്പോർട്ടില്ല.