ശ്രീലങ്കയിൽ ഇന്ത്യൻ കറൻസി കൈവശം വയ്ക്കാൻ അനുമതി
Wednesday, November 30, 2022 12:47 AM IST
കൊളംബോ: ഇന്ത്യൻ കറൻസി കൈവശംവയ്ക്കാൻ ശ്രീലങ്കക്കാർക്ക് അനുമതി. പതിനായിരം ഡോളർവരെ മൂല്യമുള്ള (ഏകദേശം എൺപതിനായിരം രൂപ) ഇന്ത്യൻ രൂപയ്ക്കാണ് അനുമതി.
രൂപയെ അംഗീകൃത വിദേശകറൻസിയാക്കണമെന്ന ശ്രീലങ്കയുടെ അഭ്യർഥന ഇന്ത്യ അംഗീകരിച്ചതോടെയാണിത്. സാന്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങളുടെ ഭാഗമായാണു തീരുമാനം.
ഡോളറിനെ ആശ്രയിക്കുന്നതു പരിമിതപ്പെടുത്തുന്നതിനൊപ്പം ഏഷ്യൻ രാജ്യങ്ങളിൽ രൂപ പ്രചരിപ്പിക്കുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ തീരുമാനം വേഗത്തിലാക്കി. അതേസമയം, ഇന്ത്യൻ രൂപ ശ്രീലങ്കയിൽ ഇടപാടുകൾക്ക് ഉപയോഗിക്കാനാവില്ല. മറിച്ച് മറ്റ് കറൻസികളിലേക്കു മാറ്റാനാകും. ഇതിനായി ശ്രീലങ്കൻ ബാങ്കുകൾ ഇന്ത്യൻ ബാങ്കുകളുമായി ഐഎൻആർ നോസ്ട്രോ അക്കൗണ്ടുകൾ തുറക്കണം.
ഏതാനും മാസം മുന്പ് രൂപയുടെ ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയിരുന്നു. എന്നാൽ, ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല.