നീരവ് മോദി യുകെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിന് അപേക്ഷ സമർപ്പിച്ചു
Friday, November 25, 2022 12:08 AM IST
ലണ്ടൻ: ബ്രിട്ടനിൽ തടവിൽ കഴിയുന്ന വിവാദ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്കു കൈമാറുന്നതു തടയാൻ യുകെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിന് ലണ്ടൻ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ഇന്ത്യയിലേക്കു നാടുകടത്തിയാൽ ഇന്ത്യൻ ജയിലിൽ ആത്മഹത്യക്കു ശ്രമിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി നീരവ് മോദി സമർപ്പിച്ച ഹർജി രണ്ടംഗ ഹൈക്കോടതി ബെഞ്ച് തള്ളിയിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽ വ്യാജരേഖകൾ സമർപ്പിച്ച് 200 കോടി ഡോളറിന്റെ വെട്ടിപ്പു നടത്തിയശേഷമാണു നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ഇന്ത്യ വിട്ടത്. ലണ്ടനിൽ അറസ്റ്റിലായ മോദി വാണ്ട്സ്വെർത്ത് ജയിലിൽ തടവിൽ കഴിയുകയാണ്. സിബിഐ നൽകിയ പരാതിയെത്തുടർന്ന് മോദിയെ ഇന്ത്യക്കു കൈമാറുന്നതിനുള്ള കേസിൽ വാദം നടന്നുവരികയാണ്.