അൻവർ ഇബ്രാഹിം മലേഷ്യൻ പ്രധാനമന്ത്രി
Friday, November 25, 2022 12:08 AM IST
ക്വാലാലംപുർ: മുതിർന്ന രാഷ്ട്രീയ നേതാവായ അൻവർ ഇബ്രാഹിം മലേഷ്യൻ പ്രധാനമന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാതെ സർക്കാർ രൂപീകരണം നീണ്ടുപോയ സാഹചര്യത്തിൽ അൻവറിനെ പ്രധാനമന്ത്രിയായി നിയമിക്കാൻ മലേഷ്യൻ രാജാവായ സുൽത്താൻ അബ്ദുള്ള തീരുമാനിക്കുകയായിരുന്നു.
മറ്റു പാർട്ടികളുമായി ചേർന്ന് സഖ്യകക്ഷി സർക്കാർ, മറ്റു പാർട്ടികൾ പുറത്തുനിന്നു പിന്തുണയ്ക്കുന്ന ന്യൂനപക്ഷ സർക്കാർ, എല്ലാ പാർട്ടികളെയും ഉൾക്കൊള്ളിച്ച് ദേശീയ സർക്കാർ എന്നിവയിലേതെങ്കിലുമൊന്നായിരിക്കും അൻവർ രൂപീകരിക്കുക.
തെരഞ്ഞെടുപ്പിൽ അൻവറിന്റെ പാർട്ടിയാണു കൂടുതൽ സീറ്റുകൾ നേടിയത്. മുൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസിന്റെ പാർട്ടിയായിരുന്നു രണ്ടാമത്. മാരത്തൺ ചർച്ചകൾ നടന്നിട്ടും സർക്കാർ രൂപീകരണത്തിനുവേണ്ട പിന്തുണ മറ്റു പാർട്ടികളിൽനിന്നു കണ്ടെത്താൻ ഇരുവർക്കും കഴിഞ്ഞില്ല.
കാൽ നൂറ്റാണ്ടായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന അൻവർ ആദ്യമായിട്ടാണ് പ്രധാനമന്ത്രിയാകുന്നത്. അഴിമതിയുടെയും സ്വവർഗാനുരാഗത്തിന്റെയും പേരിൽ മുന്പു ജയിലിലടയ്ക്കപ്പെട്ട അദ്ദേഹത്തിന്റെ കൈയിൽനിന്നു പ്രധാനമന്ത്രിപദം വഴുതിപ്പോയിട്ടുണ്ട്.