ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷം
Friday, November 25, 2022 12:08 AM IST
ബെയ്ജിംഗ്: ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായി. 31 പ്രവിശ്യകളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ബെയ്ജിംഗിലും വാണിജ്യകേന്ദ്രമായ ഗുവാംഗ്ഷൗവിലും രോഗവ്യാപനം വർധിച്ചു. 60 ലക്ഷം പേരുള്ള ഷെംഗ്ഷൗ നഗരത്തിൽ ഇന്നലെ ലോക്ഡൗൺ പ്രഖ്യാപിച്ചു.
അതേസമയം, കോവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച് ചൈനീസ് സർക്കാർ പുറത്തുവിടുന്ന കണക്കുകൾ വിശ്വാസയോഗ്യമല്ലെന്നു ചിലർ ചൂണ്ടിക്കാട്ടുന്നത്. 140 കോടി ജനസംഖ്യയുടെ രാജ്യത്ത് ഇതുവരെ മൂന്നു ലക്ഷത്തിനടുത്തു പേർക്കു മാത്രം രോഗം പിടിപെടുകയും 5200നു മുകളിൽ പേർ മരിക്കുകയും ചെയ്തുവെന്നാണ് അവരുടെ കണക്ക്. ഇന്നലെ നാലായിരത്തിനു മുകളിൽ പേർക്കാണു രോഗം പിടിപെട്ടത്.
വാക്സിനേഷൻ നിരക്കിലെ കുറവാണു രോഗവ്യാപനത്തിനു കാരണമെന്നു പറയുന്നു. ചൈനീസ് നിർമിത വാക്സിനു ഗുണമേന്മ പോരെന്ന ആക്ഷേപമുണ്ട്. എന്നാൽ, വിദേശ വാക്സിനുകൾ ഇറക്കുമതി ചെയ്യാൻ അവർ തയാറല്ല.
കർശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം നിയന്ത്രിക്കുന്ന സമീപനമാണു ചൈന ഇപ്പോഴും തുടരുന്നത്. കടുത്ത നിയന്ത്രണങ്ങൾ ജനങ്ങളിൽ അമർഷമുണ്ടാക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.