സ്കോട്ലൻഡിന്റെ സ്വാതന്ത്ര്യമോഹങ്ങൾ നുള്ളി ബ്രിട്ടീഷ് സുപ്രീകോടതി
Thursday, November 24, 2022 12:52 AM IST
ലണ്ടൻ: ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കാനായി വീണ്ടും ഹിതപരിശോധന നടത്താനുള്ള അവകാശം സ്കോട്ലൻഡിലെ പാർലമെന്റിന് ഇല്ലെന്നു ബ്രിട്ടീഷ് സുപ്രീംകോടതി വിധിച്ചു.
ഇതോടെ അടുത്തവർഷം ഹിതപരിശോധന നടത്താനുള്ള സ്കോട്ടിഷ് സർക്കാരിന്റെ നീക്കം പാളി.
മൂന്നു നൂറ്റാണ്ടായി ഇംഗ്ലണ്ടുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കാൻ അടുത്തവർഷം ഒക്ടോബറിൽ ഹിതപരിശോധന നടത്താൻ ഉദ്ദേശിക്കുന്നതായി സ്കോട്ലൻഡിലെ ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സ്റ്റർജൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
2014ൽ നടന്ന വോട്ടെടുപ്പിൽ 45 ശതമാനം പേർ മാത്രമാണു സ്വാതന്ത്ര്യത്തെ അനുകൂലിച്ചത്. എന്നാൽ, ബ്രെക്സിറ്റിനുശേഷം സാഹചര്യം മാറിയിട്ടുണ്ട്. സ്കോട്ലൻഡുകാർ യൂറോപ്യൻ യൂണിയനിൽ തുടരാൻ ആഗ്രഹിക്കുന്നവരാണ്.