ജോൺ മക്ഫാൾ ആദ്യ പാരാഅസ്ട്രനോട്ട്
Thursday, November 24, 2022 12:52 AM IST
പാരീസ്: ബ്രിട്ടീഷ് പാരലിന്പിക് ഓട്ടക്കാരനായ ജോൺ മക്ഫാൾ യൂറോപ്യൻ ബഹിരാകാശ ഏജൻസി(ഇഎസ്എ)യുടെ ബഹിരാകാശായാത്രാ പരിശീലന പദ്ധതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ഒരു അംഗപരിമിതൻ ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. പാരാഅസ്ട്രനോട്ട് എന്നായിരിക്കും അദ്ദേഹം അറിയപ്പെടുകയെന്ന് ഇഎസ്എ അറിയിച്ചു.
ഇഎസ്എയുടെ ‘ക്ലാസ് 2022’ ബഹിരാകാശയാത്രാ പരിശീലന പദ്ധതിയിലേക്ക് ജോണിനു പുറമേ ആറുപേർ കൂടി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 22,000 അപേക്ഷകരിൽനിന്നാണ് ഇവരെ കണ്ടെത്തിയത്.
ഇംഗ്ലണ്ടിലെ സറേ സ്വദേശിയായ ജോൺ മക്ഫാളിന് 19-ാം വയസിലുണ്ടായ മോട്ടോർ സൈക്കിൾ അപകടത്തിൽ വലതുകാൽ നഷ്ടമാകുകയായിരുന്നു. അദ്ദേഹത്തിനു ബഹിരാകാശയാത്ര നടത്താനുള്ള സാധ്യതകൾ ഇഎസ്എ വിദഗ്ധർ പ്രത്യേകം പഠിക്കും. പരിമിതികളെല്ലാം അതിജീവിക്കാനായാൽ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ അംഗപരിമിതനെന്ന ബഹുമതി ജോൺ സ്വന്തമാക്കും.