ഇറാൻ യുറേനിയം സന്പുഷ്ടീകരണം 60 ശതമാനത്തിലേക്ക് ഉയർത്തി
Wednesday, November 23, 2022 1:41 AM IST
ടെഹ്റാൻ: ഫോർഡോ ആണവകേന്ദ്രത്തിൽ യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് 60 ശതമാനമായി ഉയർത്തിയെന്ന് ഇറാൻ അന്താരാഷ്ട്രാ ആണവോർജ ഏജൻസിയെ അറിയിച്ചു. ഇറാനെ ലക്ഷ്യമിടുന്ന പ്രമേയം ഏജൻസി പാസാക്കിയതിനു മറുപടിയായിട്ടാണ് ഇതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
90 ശതമാനത്തോളം സന്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെങ്കിൽ അണ്വായുധം ഉണ്ടാക്കാനാകും. ഇറാനിലെ മൂന്നു രഹസ്യകേന്ദ്രങ്ങളിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിൽ അന്വേഷണം നടത്താൻ സഹകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് ഏജൻസി വ്യഴാഴ്ച പാസാക്കിയത്.
ഫോർഡോയിലെയും നതാൻസിലെയും ആണവകേന്ദ്രങ്ങളിൽ പുതിയ സെൻട്രിഫ്യൂജുകൾ സ്ഥാപിക്കാനും ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. സന്പുഷ്ടീകരണത്തോത് അതിവേഗം ഉയർത്താൻ ഇതോടെ ഇറാനു കഴിയും.
വൻശക്തികളുമായുള്ള ആണവക്കരാർ ദുർബലമായതിനെത്തുടർന്നാണ് ഇറാൻ യുറേനിയം സന്പുഷ്ടീകരണത്തോത് ഉയർത്താൻ തുടങ്ങിയത്. സന്പുഷ്ടീകരണ തോത് ഊർജാവശ്യങ്ങൾക്കുള്ള 3.67 ശതമാനമായി പരിമിതപ്പെടുത്തുന്ന കരാറിൽനിന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.