എണ്ണക്കന്പനികൾക്ക് അധികനികുതി ചുമത്താനൊരുങ്ങി യൂറോപ്യൻ യൂണിയൻ
Friday, September 30, 2022 11:57 PM IST
ബ്രസൽസ്: റഷ്യക്കെതിരായ ഉപരോധങ്ങൾ മൂലം ഉടലെടുത്ത ഊർജപ്രതിസന്ധി മറികടക്കാൻ നടപടികൾ ആലോചിച്ച് യൂറോപ്യൻ യൂണിയൻ ഊർജവകുപ്പ് മന്ത്രിമാർ.
ഊർജവിഭവങ്ങളുടെ വിലവർധനമൂലം ലാഭം കൊയ്യുന്ന കന്പനികളിൽനിന്ന് അധികനികുതി പിരിച്ചെടുത്ത് പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും നല്കാൻ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
എണ്ണ, പ്രകൃതിവാതകം, കൽക്കരി എന്നിവയുമായി ബന്ധപ്പെട്ട് അധികലാഭമുണ്ടാക്കുന്ന കന്പനികൾക്കാണ് അധികനികുതി ചുമത്തുക. 14,000 കോടി ഡോളർ ഇങ്ങനെ കണ്ടെത്താനാകുമെന്നു മന്ത്രിമാർ കണക്കുകൂട്ടുന്നു. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങൾ വൈദ്യുതി ഉപയോഗം കുറഞ്ഞത് അഞ്ചു ശതമാനമെങ്കിലും കുറയ്ക്കണമെന്ന നിർദേശവും വച്ചിട്ടുണ്ട്.