റഷ്യക്കാർക്കു ഫിൻലൻഡിലേക്കു പ്രവേശനവിലക്ക്
Friday, September 30, 2022 12:31 AM IST
ഹെൽസിങ്കി: റഷ്യയുമായുള്ള അതിർത്തിയിൽനിന്നുള്ള യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കുമെന്നു ഫിൻലൻഡ്. ടൂറിസ്റ്റ് വീസയുമായി ഫിൻലൻഡിലേക്കു വരുന്ന റഷ്യക്കാർക്കു ഫിൻലൻഡ് വിലക്കേർപ്പെടുത്തി. റഷ്യയിൽനിന്നു ഫിൻലൻഡിലേക്കുള്ള വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു തീരുമാനമെന്നു വിദേശകാര്യമന്ത്രി പെക്ക ഹാവിസ്തോ പറഞ്ഞു.
റഷ്യയിൽനിന്നുള്ള സഞ്ചാരികളുടെ വരവ് ഫിൻലൻഡിന്റെ രാജ്യാന്തരബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ യുക്രെയ്നുമായി കൂടിയാലോചിച്ച ശേഷമാണു നടപടിയെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
പിടിച്ചെടുത്ത യുക്രെയ്ൻ മേഖലകളിൽ റഷ്യ ഹിതപരിശോധന നടത്തിയതും നോർഡ് സ്ട്രീം പൈപ്പ് ലൈനിലുണ്ടായ ചോർച്ചയും തീരുമാനത്തിലേക്കു നയിച്ചെന്നും വിദേശകാര്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിനോദസഞ്ചാരികൾക്കു വിലക്കേർപ്പെടുത്തിയെങ്കിലും റഷ്യയിൽനിന്നുള്ളവർക്കു ഫിൻലൻഡിലേക്കു വരാൻ തടസമില്ല. കുടുംബവിഷയങ്ങൾ, വിദ്യാഭ്യാസം, ജോലി എന്നീ വിഭാഗങ്ങളിലുള്ള യാത്രയ്ക്കാണ് ഇളവു നൽകിയിരിക്കുന്നത്. ഫിൻലൻഡുമായി 1340 കിലോമീറ്റർ അതിർത്തിയാണ് റഷ്യ പങ്കിടുന്നത്.