ഇറാനിൽ ഹിജാബ് നിയമത്തിനെതിരേ പ്രതിഷേധം വ്യാപിക്കുന്നു
Wednesday, September 21, 2022 11:28 PM IST
ടെഹ്റാൻ: ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചതിനു പിന്നാലെ ഉടലെടുത്ത പ്രതിഷേധം ഇറാനിലുടനീളം വ്യാപിക്കുന്നതായി റിപ്പോർട്ട്.
ഹിജാബ് നിയമത്തിനെതിരായ പ്രകടനങ്ങളിൽ സ്ത്രീകൾ വ്യാപകമായി പങ്കെടുക്കുന്നുണ്ട്. വടക്കുള്ള സാരി നഗരത്തിൽ സ്ത്രീകൾ തങ്ങളുടെ ഹിജാബുകൾ അഗ്നികുണ്ഡത്തിലേക്കു വലിച്ചെറിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
വടക്കുപടിഞ്ഞാറ് ഉർമിയ, പിരാൻഷാഹർ എന്നിവിടങ്ങളിലായി രണ്ടു പുരുഷന്മാർ പോലീസ് വെടിയേറ്റു മരിച്ചു. തെക്ക് ഷിറാസിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഇതോടെ പ്രതിഷേധപ്രകടനങ്ങളുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം ആറായി.
കുർദിഷ് വംശജയായ ഇരുപത്തിരണ്ടുകാരി മഹ്സാ അമിനയാണ് മൂന്നു ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞശേഷം വെള്ളിയാഴ്ചയാണ് മരിച്ചത്. മുടി ശിരോവസ്ത്രംകൊണ്ടു മറച്ചില്ല, കൈകാലുകളിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചു എന്നീ കുറ്റങ്ങളുടെ പേരിൽ ടെഹ്റാനിൽവച്ച് ഹിജാബ് നിയമം ഉറപ്പുവരുത്താനുള്ള മോറൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്റ്റേഷനിൽവച്ച് അബോധാവസ്ഥയിലായതിനെത്തുടർന്നാണ് ആശുപത്രിയിലാക്കിയത്. പോലീസ് വടി ഉപയോഗിച്ച് യുവതിയുടെ തലയിൽ അടിച്ചു, തല വാഹനത്തിൽ ഇടിപ്പിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു. എന്നാൽ ഇതു നിഷേധിക്കുന്ന പോലീസ്, യുവതിക്ക് പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണു പറയുന്നത്.
മൊറാലിറ്റി പോലീസ് തെരുവുകളിൽ റോന്തുചുറ്റി വനിതകൾക്കു നേരേ വ്യാപക അതിക്രമങ്ങൾ നടത്തുന്നതു സംബന്ധിച്ച് ഒട്ടനവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് യുഎന്നിന്റെ ആക്ടിംഗ് മനുഷ്യാവകാശ ഹൈക്കമ്മീഷണർ നാദാ നാഷിഫ് പറഞ്ഞു.