കാമറോണിൽ അഞ്ചു വൈദികരെയും കന്യാസ്ത്രീയെയും തട്ടിക്കൊണ്ടുപോയി
Tuesday, September 20, 2022 11:50 PM IST
യവോൻഡെ: ആഫ്രിക്കൻ രാജ്യമായ കാമറോണിന്റെ പടിഞ്ഞാറൻ മേഖലയിൽ ആയുധധാരികൾ അഞ്ചു കത്തോലിക്കാ വൈദികരെയും ഒരു കന്യാസ്ത്രീയെ യും രണ്ടു വിശ്വാസികളെയും തട്ടിക്കൊണ്ടുപോയശേഷം പള്ളി തീയിട്ടു നശിപ്പിച്ചു. എൻചാംഗ് പ്രദേശത്തെ സെന്റ് മേരീസ് പള്ളിയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഇതുപോലൊരു സംഭവം മുന്പുണ്ടായിട്ടില്ലെന്നും ദൈവത്തിന്റെ ആലയത്തിൽ നടന്ന ഈ ഹീനകൃത്യത്തിനു കൃത്യമായ കാരണം വ്യക്തമല്ലെന്നും കാമറോണിലെ ആർച്ച്ബിഷപ് ആൻഡ്രൂ എൻകിയ പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സർക്കാർ സേനയുമായി പോരാടുന്ന വിമത ഗ്രൂപ്പുകളാകാം പിന്നിലെന്നു സംശയമുണ്ട്. ഇവർ സാധാരണ ആളുകളെ തട്ടിക്കൊണ്ടുപോയശേഷം മോചനദ്രവ്യം വാങ്ങി വിട്ടയയ്ക്കാറാണു പതിവ്.
ഭൂരിഭാഗവും ഫ്രഞ്ച് സംസാരിക്കുന്ന കാമറോണിലെ വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് മേഖലകളിലുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ന്യൂനപക്ഷങ്ങൾ ആറു വർഷമായി സർക്കാർ സേനയുമായി പോരാട്ടത്തിലാണ്.