സെലൻസ്കിയുടെ ജന്മനാട്ടിലെ ഡാം തകർത്ത് റഷ്യ
Thursday, September 15, 2022 11:33 PM IST
കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ജന്മനാടായ ക്രൈവി റിയിലെ റിസർവോയർ ഡാം റഷ്യ മിസൈൽ ആക്രമണത്തിൽ തകർത്തു. കാരച്ചുനിസ്ക് റിസർവോയറിനുനേർക്കാണു കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്.
ഇതേത്തുടർന്ന് ഇൻഹുലെറ്റ്സ് നദിയിലേക്കുള്ള വെള്ളമൊഴുക്കു വർധിച്ചു. ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ നഗരമേധാവി ഒലക്സാണ്ടർ വിൽകുൽ ആവശ്യപ്പെട്ടു. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നഗരത്തിൽ ജലവിതരണം തടസപ്പെട്ടു. തീരങ്ങളിലെ വീടുകളിൽ വെള്ളംകയറി. ആളപായമില്ല.
അടുത്തിടെ റഷ്യൻ സേനയ്ക്കുമേൽ യുക്രെയ്ൻ നേടിയ മേൽക്കൈയുടെ പ്രതികാരമാണ് ആക്രമണമെന്ന് യുക്രെയ്ൻ ആരോപിച്ചു. റഷ്യ ഭീകരരാഷ്ട്രമാണെന്നു പ്രസിഡന്റ് സെലൻസ്കി കുറ്റപ്പെടുത്തി.